വിഐപികളുടെ എസ്‌കോര്‍ട്ട് വാഹനങ്ങളില്‍ ഭൂരിഭാഗവും കാലപഴക്കം ചെന്നവ; മോട്ടോര്‍ വാഹനവകുപ്പിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് പോലുമില്ലാതെ ചീറിപ്പായുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരടക്കം ഉളള വിഐപികള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന തലസ്ഥാനത്തെ പൊലീസിന്റെ പല വാഹനങ്ങളും കാലപഴക്കം ചെന്നവയാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് പോലും ഇല്ലാത്ത വണ്ടികളാണ് ചില ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത്. വിഐപി ഡ്യൂട്ടിയുടെ ആധിക്യം മൂലം അംഗീകൃത ഡ്രൈവറന്‍മാരല്ലവരാണ് പലഘട്ടങ്ങളിലും വണ്ടി ഓടിക്കുന്നത്. പുതിയ വാഹനങ്ങള്‍ വേണമെന്ന ആവശ്യം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉയരുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ പൊലീസിന് ആകെയുളളത് 350 വാഹനങ്ങളാണ്. ഓടിക്കാന്‍ ഉളള പൊലീസ് ഡ്രൈവര്‍മാര്‍ 191. വിവിധ പൊലീസ് സ്റ്റേഷനുകളിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പവും ജോലി നോക്കുന്നത് 170 ലേറെ പേരാണ്. ക്യാമ്പിലെ ദൈനം ദിന പ്രവര്‍ത്തനത്തിന് ഇനി അവശേഷിക്കുന്നത് വിരലിലെണാവുന്ന അംഗീകൃത ഡ്രൈവര്‍മാര്‍ മാത്രം. ഈ പ്രതിസന്ധിക്കിടയിലും ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒന്നിലധികം ഡ്രൈവര്‍മാരെ സ്വകാര്യ ആവശ്യത്തിനായി കൂടെ നിര്‍ത്തിയിരിക്കുകയാണ്. മന്ത്രിമാരടക്കമുളള വിഐപി കളുടെ എസ്‌കോര്‍ട്ടും, പൈലറ്റും നോക്കാന്‍ തന്നെ പലഘട്ടത്തിലും ആള്‍ക്ഷാമം വരുമ്പോള്‍ ആശ്രയിക്കുന്നത് ഡ്രൈവിങ്ങ് അറിയാവുന്ന എആര്‍ ക്യാമ്പിലെ പൊലീസുകാരെയാണ്. മന്ത്രിമാരടക്കമുളള നേതാക്കള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന വാഹനങ്ങളുടെ അവസ്ഥയാണ് ഏറെ പരിതാപകരം. പലവണ്ടികളും കാലപഴക്കത്താല്‍ ഓടിതേഞ്ഞവയാണ്.

മൂന്നു ലക്ഷത്തിലധികം കിലോമീറ്ററുകള്‍ പിന്നിട്ട മിക്കവണ്ടികള്‍ക്കും എന്നും എന്തെങ്കിലും തകരാറുകള്‍ സംഭവിക്കുന്നത് സാധരണമാണ്. മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ഫിറ്റ്‌നസ് ക്‌ളിയറന്‍സ് പോലും ഇല്ലാത്ത വണ്ടികളാണ് ചില ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത് എന്നത് ഗൗരവതരമാണ്. വലിവ് കുറഞ്ഞ, പവര്‍ സ്‌റിയറിംഗ് ഇല്ലാത്ത വണ്ടികളാണ് എസ്‌കോര്‍ട്ട് പോകുന്നവയില്‍ അധികവും. വിഐപി വാഹനത്തിന്റെ വേഗതക്ക് ഒപ്പമെത്താനുളള ശ്രമത്തിനിടെ വിരളമായി അപകടങ്ങളും സംഭവിക്കുന്നു. വിഐപി എസ്‌കോര്‍ട്ടിനായി 67 പുതിയ വാഹനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് മുകളിലേക്ക് കത്ത് നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഇനിയും ആയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News