ശശികലയുടെ മൃത്യുഞ്ജയ’ഹോമം ഒരു ഫാസിസ്റ്റ് ക്രൂരമോഹത്തിന്റെ വ്യാജപ്പേരുമാണ്; കെ.ഇ.എന്‍ വിശകലനം ചെയ്യുന്നു

ശശികല ടീച്ചറുടെ പറവൂര്‍പ്രസംഗം, ഒരു ആശയാവിഷ്കാരം എന്ന അവസ്ഥയില്‍നിന്നുള്ള ഒരു പ്രസംഗത്തിന്റെ സഹതാപാര്‍ഹമായ പതനത്തിന്റെ ഒരു മികച്ച സംഘപരിവാര്‍ മാതൃകയാണ്. ഒരു പ്രസംഗം അപഗ്രഥിക്കപ്പെടുന്നത് എന്തു പറഞ്ഞു’എന്നതിനൊപ്പം, ഏതൊരു സന്ദര്‍ഭത്തില്‍’അത് നിര്‍വഹിച്ചു എന്നുകൂടി പരിഗണിച്ചുകൊണ്ടായിരിക്കും. ഗൌരി ലങ്കേഷിന്റെ വധത്തില്‍ സങ്കടവും രോഷവും പ്രതിഷേധവും ഇന്ത്യയാകെ അലയടിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ‘മഹത്തായൊരു’മൃത്യുഞ്ജയഹോമത്തെപ്പോലും, പരോക്ഷകൊലവിളിയുടെ പ്രതീകമായി ടീച്ചര്‍ ചുരുക്കിയത്.

ഗൌരി ലങ്കേഷുള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ മരിച്ചിട്ടും ജീവിക്കുന്ന ജ്വലിക്കുന്ന സ്മരണകളെയാണ് അവര്‍ അനാദരിച്ചത്. ഇത് മഹാത്മാഗാന്ധിയെ കൊന്നവര്‍, അദ്ദേഹത്തിന്റെ വധാനന്തരം മധുരപലഹാരവിതരണം നിര്‍വഹിച്ച് നൃത്തമാടിയതിന്റെ മറ്റൊരു അശ്ളീല ആവര്‍ത്തനംതന്നെയാണ്. ഇന്ത്യയുടെ അഭിമാനമായ അനന്തമൂര്‍ത്തി മരിച്ചപ്പോഴും, ഗാന്ധിയുടെ കൊലയാളികളുടെ പിന്മുറക്കാര്‍ അവരന്ന് വിതരണം ചെയ്തതിന്റെ ബാക്കിവന്ന ലഡുകൂടി വിതരണംചെയ്തതും മനുഷ്യരാരും മറക്കുകയില്ല.

സമാനതകളില്ലാത്ത വിദ്വേഷപ്രഭാഷണങ്ങളുടെയും കൊലകളുടെയും അതിലുമേറെ നടുക്കുംവിധമുള്ള വധന്യായീകരണങ്ങളുടെയും പുതിയ സംഘകാലം’ഇന്ത്യയില്‍ ഔദ്യോഗികപിന്തുണയില്‍ സജീവമായത്, 2014നുശേഷം സംഘപരിവാര്‍ ശക്തികള്‍ അധികാരത്തില്‍ വന്നശേഷമാണെന്ന്, അതിനുശേഷം സംഭവിച്ച കാര്യങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുന്നവര്‍ക്കാര്‍ക്കും പ്രത്യേക ട്യൂഷനൊന്നും കൂടാതെ പെട്ടെന്നുതന്നെ ബോധ്യമാകും.

ആ സാധ്വി പ്രാചിയുടെ മുസ്ളിംമുക്തഭാരതമെന്ന രാജ്യദ്രോഹ ത്രിശൂലപ്രസ്താവവും ഗുര്‍മീത് റാം റഹിം സിങ് എന്ന തടവറയില്‍ പൊട്ടിക്കരഞ്ഞ് മാപ്പുതരൂ’എന്നലറിയ ആള്‍ദൈവത്തെ പുണ്യാത്മാവാക്കിയ ആ സാക്ഷി മഹാരാജിന്റെ വഷളത്തരവും കര്‍ഷകര്‍ മരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍, അവര്‍ യോഗ ചെയ്യട്ടെ’എന്നുപറഞ്ഞ നമ്മുടെ കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങിന്റെ ഉപദേശവും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് കുന്തംകുലുക്കി’പ്രസ്താവനകളെ, അതൊന്നും പ്രബുദ്ധകേരളത്തില്‍നിന്നല്ലല്ലോ എന്നെങ്കിലും കരുതി വേണമെങ്കില്‍ ആശ്വസിക്കാന്‍ കഴിയുമായിരുന്നു!

എന്നാല്‍, നമ്മുടെ കേരളത്തില്‍പ്പോലും ഇവരുടെ ഫോട്ടോകോപ്പികള്‍’ഉണ്ടാകുന്നത് ആശങ്കാജനകമാണ്. മരുന്നിനെപ്പോലും രോഗിയാക്കുന്ന, മനുഷ്യരെ മനുഷ്യരല്ലാത്ത ആള്‍ക്കൂട്ടഭീകരരാക്കിത്തീര്‍ക്കുന്ന, ശശികല ടീച്ചര്‍ മോഡല്‍ പ്രസംഗം ആള്‍ക്കൂട്ടങ്ങളുടെ മാതൃഭാഷയായി വളരുന്നത്, ഒരു നിയമപ്രശ്നമെന്നതിലപ്പുറം നീതിക്കെതിരായ ഒരു വെല്ലുവിളിയാണ്.

ഒരു സമൂഹം ആള്‍ക്കൂട്ടമായി മാറിയാല്‍ പിന്നീട്’സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ അനിവാര്യമായും സംഭവിക്കും. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സൂക്ഷ്മാര്‍ഥത്തില്‍ നിരവധി ആളുകള്‍ എല്ലായ്പോഴും ഒന്നിച്ച് ഒത്തുകൂടേണ്ടതില്ല. ഒരാളിലെത്തന്നെ സാമൂഹികതയെ ശിഥിലമാക്കിയാലും മതിയാകും! മനുഷ്യരെ അപരരാക്കുന്നൊരവസ്ഥയില്‍നിന്ന് വിമോചിതനാകുന്നൊരു വ്യക്തിക്ക് സ്വയം സമൂഹമാകാന്‍ കഴിയുന്നതുപോലെ, സര്‍വതിനെയും അപരംമാത്രമാക്കിത്തീര്‍ക്കുന്ന ഒരു വ്യക്തിക്ക് സ്വയം ഒരാള്‍ക്കൂട്ടമാകാനും കഴിയും. സംഘപരിവാര്‍ ഇന്ത്യയില്‍ ഇപ്പോള്‍ അപരരെ’അല്ലെങ്കില്‍ കൃത്രിമശത്രുക്കളെ ഉണ്ടാക്കാനുള്ള ഫാക്ടറികള്‍ തുറക്കുന്ന തിരക്കിലാണ്. ഇന്ത്യ വിപരീതം പാകിസ്ഥാന്‍, ബീഫ് വിപരീതം കുമ്പളങ്ങ, ഗൌരി ലങ്കേഷ് വിപരീതം മൃത്യുഞ്ജയഹോമം എന്ന മട്ടിലുള്ള കൃത്രിമ വിപരീതങ്ങളുടെ, ഒരുത്തമലോകമാണ് അവര്‍ ഇപ്പോള്‍ കെട്ടിപ്പൊക്കുന്നത്.

കൊലവിളിക്കല്ലുകള്‍’ഒന്നിനുമുകളില്‍ മറ്റൊന്നായി അടുക്കി അപരവല്‍ക്കരണത്തിന്റെ കോട്ട കെട്ടുന്ന തിരക്കിലാണ് അവരിപ്പോള്‍ വ്യാപൃതരായിരിക്കുന്നത്. ശശികല ടീച്ചറുടെ പറവൂര്‍പ്രസംഗത്തില്‍ ഗൌരി ലങ്കേഷ് വധാനന്തര പശ്ചാത്തലത്തിലെങ്കിലും ഉണ്ടാകേണ്ടിയിരുന്ന ഒരൌപചാരിക ഔചിത്യംപോലും ഇല്ലാതെപോയി എന്നതാണ്, ഏറ്റവും സങ്കടകരമായിത്തീരുന്നത്.

തടിച്ച ശരീരമുള്ള സ്വന്തം അമ്മൂമ്മ മരിച്ചതറിഞ്ഞ് മരണവീട്ടിലെത്തിയ ഹിറ്റ്ലര്‍,’ആ മൃതദേഹത്തില്‍നോക്കി അലറിച്ചിരിച്ച് പറഞ്ഞുവത്രേ, ഈ വല്യശരീരം തുണ്ടുതുണ്ടായി മുറിച്ച് ചൂണ്ടയില്‍ കോര്‍ത്ത് കായലിലിട്ടാല്‍ എത്രയെത്ര മത്സ്യങ്ങളെ പിടിക്കാമെന്ന്! തമാശ പറയുന്നതും അലറിച്ചിരിക്കുന്നതും തെറ്റല്ല. പക്ഷേ, ഒരു മരണവീടിന്റെ ദുഃഖസാന്ദ്രതയെ ഇത്തരം തമാശകള്‍കൊണ്ട് അനാദരിക്കുന്നത്, മാപ്പര്‍ഹിക്കാത്ത അനൌചിത്യമാണെന്നാണ്’മനുഷ്യര്‍ തിരിച്ചറിയേണ്ടത്.

പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക്ഫ്രോം ഹിറ്റ്ലറുടെ ഇത്തരത്തിലുള്ള സ്വഭാവം അപഗ്രഥിച്ചുകൊണ്ട്, ഇതിനെ ശവകാമുകത’(നെക്രോഫീലിക്) എന്ന വകുപ്പിലാണ് ഉള്‍പ്പെടുത്തിയത്. ജീവിതകാമന (ബയോഫീലിക്) മരിച്ചതിനെപ്പോലും ജീവിതമാക്കുമ്പോള്‍, ശവകാമുകതാമനോഭാവം ജീവിതമൂല്യങ്ങളെയാകെ കൊന്ന് കൊലവിളിക്കും.

ശശികല ടീച്ചറെപ്പോലുള്ള ആള്‍ക്കൂട്ടപ്രഭാഷകര്‍ നെക്രോഫീലിക് മനോഭാവത്തിന്റെ ഉറഞ്ഞുതുള്ളുന്ന കോമരങ്ങളാണ്. ഫാസിസത്തിന് എത്രതന്നെ മുഖംമൂടികള്‍ ധരിച്ചാലും ആത്യന്തികമായി മറ്റൊരു വിധത്തിലാകാന്‍ കഴിയില്ല. അതവരുടെമാത്രം വ്യക്തിപര’പ്രശ്നമെന്നതിനേക്കാള്‍, അതവര്‍ പ്രതിനിധാനംചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമാണ്. നാം ക്ഷേത്രത്തില്‍ ആരാധന നടത്തുമ്പോള്‍ അവരതിനെ അടിച്ചുതകര്‍ക്കുമെന്ന് എഴുതിവച്ചിരിക്കുന്നത് ഒരു പന്ന ലഘുലേഖയിലല്ല, ഗുരുജി ഗോള്‍വാള്‍ക്കര്‍ എഴുതിയ വിചാരധാരയെന്ന സംഘപരിവാറിന്റെ പ്രൌഢ സൈദ്ധാന്തിക ഗ്രന്ഥത്തിലാണ്! ആരാണ് ആ നാം’എന്നുള്ളതും, ആരാണ് ആ അവര്‍’എന്നതും ഒന്നാലോചിച്ചാല്‍ എത്ര ചെറുതാണ് സംഘപരിവാറിന്റെ ചിന്താലോകമെന്ന് സ്വയം വ്യക്തമാകും.

പഴയ പഞ്ചാബിലെ അംബാലയിലെ ഏക മുസ്ളിംവോട്ടറായ അബ്ദുള്‍ഗാഫര്‍ഖാന്‍, അവിടെനിന്ന് അസംബ്ളിയിലേക്ക് മത്സരിച്ച് ജയിച്ചത് എന്തോ മഹാപാതകമായി ഗോള്‍വാള്‍ക്കര്‍ അവതരിപ്പിച്ചതും ഇതേ ഗ്രന്ഥത്തിലാണ്! ഇത്രയും വലിയ അസഹിഷ്ണുതയാര്‍ന്ന ആശയങ്ങളാണ് ഒരു സൈദ്ധാന്തികഗ്രന്ഥത്തിലുള്ളതെങ്കില്‍, അത് സത്യസന്ധമായി പിന്തുടരുന്നവരില്‍നിന്ന്, സൌഹൃദഭാഷണങ്ങള്‍ പ്രതീക്ഷിക്കുന്നതിലാണ് ശരികേടുള്ളത്. ഗൌരി ലങ്കേഷിനെ കൊന്നതിനെ ആഘോഷിച്ചവരുടെ, തുടര്‍ച്ചയെന്ന നിലയിലാണ് ശശികല ടീച്ചറുടെ പറവൂര്‍പ്രസംഗം ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. ആര്‍എസ്എസിനെ വിമര്‍ശിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ ഗൌരി ലങ്കേഷ് ഇപ്പോഴും ജീവിക്കുമായിരുന്നു എന്നാണ്, സംഘപരിവാറിന്റെ കര്‍ണാടകത്തിലെ ശൃംഗേരി നിയമസഭാ സാമാജികന്‍ ജീവരാജ് പറഞ്ഞത്. തെറ്റ് പറയരുതല്ലോ, അവരെനിക്ക് സഹോദരിതുല്യയാണെന്നും ജീവരാജ് പറയുകയുണ്ടായി. എന്തൊരു നല്ല സഹോദരന്‍!

സര്‍ക്കാരിന്റെ മാധ്യമ ഉപദേശകനായ അശീഷ് മിശ്ര പറഞ്ഞത്, ഗൌരി ലങ്കേഷ് വിതച്ചത് അവര്‍തന്നെ കൊയ്തു എന്നാണ്. മിസ്റ്റര്‍ മിശ്ര, അവര്‍ വിതച്ചത് ആശയങ്ങള്‍മാത്രമായിരുന്നു, അതിനെ വേണ്ടിയിരുന്നു നേരിടാന്‍. പക്ഷേ, നിങ്ങള്‍ കൊയ്തത് ജ്വലിച്ചുനിന്ന ഒരു ജീവിതമാണ്. നിങ്ങളുടെ വാക്കുകള്‍, വലിച്ചടയ്ക്കുന്നത് സഹിഷ്ണുതയുടെയും സൌഹൃദത്തിന്റെയും ലോകമാണ്.

അത് തീകൊളുത്തിയത് പ്രബുദ്ധതയ്ക്കാണ്. ജനാധിപത്യത്തിന്റെ ചൈതന്യം വളര്‍ത്തണമെങ്കില്‍ അസഹിഷ്ണുത വര്‍ജിച്ചേ തീരൂ എന്നു പറഞ്ഞകൂട്ടത്തില്‍, മഹാത്മാഗാന്ധി ഇത്രകൂടി പറഞ്ഞു. സ്വന്തം നിലപാടില്‍ വിശ്വാസമില്ലാത്തതിന്റെ ലക്ഷണമാണ് അസഹിഷ്ണുത. അതുപക്ഷേ, നിങ്ങള്‍ക്ക് ബാധകമല്ല. നിങ്ങള്‍ നടപ്പാക്കുന്നത്, നിങ്ങളുടെ കാഴ്ചപ്പാടാണ്. ശശികല ടീച്ചറുടെ മൃത്യുഞ്ജയഹോമം’ആ അര്‍ഥത്തില്‍ ഒരു ഫാസിസ്റ്റ് ക്രൂരമോഹത്തിന്റെ വ്യാജപ്പേരുമാത്രമാണ്.

പ്രശസ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ നോര്‍മന്‍ കസിന്‍സ്, ഹിറ്റ്ലറുടെ കുപ്രസിദ്ധമായ മെയിന്‍കാഫിനെക്കുറിച്ചെഴുതിയത്, ശശികല ടീച്ചര്‍മോഡല്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കേണ്ടിവരുമ്പോള്‍ നിര്‍ബന്ധമായും നമ്മളോര്‍മിക്കണം. നോര്‍മന്‍ കസിന്‍സ് എഴുതിയത് ഹിറ്റ്ലറുടെ മെയിന്‍കാഫിലെ ഓരോ വാക്കിനും 125 ജീവിതങ്ങള്‍ നഷ്ടമായി എന്നാണ്! പ്രകോപനപ്രസംഗങ്ങള്‍ കേട്ട് ഉന്മത്തരാകുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് നഷ്ടമാകുന്നത്, ചിന്തിക്കാനുള്ള കഴിവാണ്. അതെത്ര ജീവിതങ്ങള്‍ ഇല്ലാതാക്കുമെന്ന് മുന്‍കൂര്‍ പ്രവചിക്കുക അസാധ്യമാണ്.

എന്നാല്‍, എത്രതന്നെപേരെ കൊന്നുതള്ളിയാലും തല്ലിത്തകര്‍ത്താലും മൃത്യുഞ്ജയഹോമങ്ങള്‍’ശുപാര്‍ശചെയ്ത് സ്നേഹപൂര്‍വം വിരട്ടിയാലും അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയുടെ ഓര്‍മകള്‍ ഒരിക്കലും ഇല്ലാതാകില്ല. അവ ഇല്ലാതാകാന്‍, സ്വപ്നങ്ങളില്‍ ജീവിതം നിറയുന്ന കാലത്തോളം സാംസ്കാരിക പ്രവര്‍ത്തകര്‍ അനുവദിക്കില്ല. എത്രതന്നെ മര്‍ദനങ്ങള്‍ നടത്തിയാലും, ആ ഓര്‍മകളെ മായ്ച്ചുകളയാന്‍ നിങ്ങള്‍ക്കാകില്ല. ഹൊര്‍വാര്‍ഡ്ഫാസ്റ്റ് എഴുതിയപോലെ, ഓര്‍മകളുള്ള ഒരു ജനതയുടെ തൊലിക്കുതാഴെ കലാപം മുഷ്ടിചുരുട്ടി നില്‍ക്കുന്നുണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here