
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീനെ കാണാന്‍ സംവിധായകരായ ജോഷിയും ലാല്‍ ജോസ്, ജോണി ആന്റണിയും നേരത്തെ എത്തിയിരുന്നു. സിനിമാ പ്രവര്‍ത്തകരുടെ കൂട്ടസന്ദര്‍ശനം മാധ്യമങ്ങളില്‍ ഇടംനേടുന്നതിന് മുന്‍പായിരുന്നു ഇത്.
ജോഷിയെയും ലാല്‍ ജോസിനെയും കണ്ടപ്പോള്‍ വളരെ വൈകാരികമായാണ് ദിലീപ് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ കണ്ടയുടന്‍ ജോഷി പൊട്ടിക്കരഞ്ഞെന്നാണ് ജയില്‍ ജീവനക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മകള്‍ മരിച്ചപ്പോള്‍ പോലും നിയന്ത്രണം വിടാതിരുന്ന ജോഷിയുടെ സങ്കടം കണ്ട് ദിലീപും കരഞ്ഞുപോയി. ലാല്‍ ജോസും വിങ്ങിപ്പൊട്ടി.
തുടര്‍ന്ന് ദിലീപ് തന്നെയായിരുന്നു ഇരുവരെയും ആശ്വസിപ്പിച്ചത്. താന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടുമെന്ന് ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവെന്നും അതൊന്നും സംഭവിച്ചില്ലല്ലോ എന്ന് പറഞ്ഞായിരുന്നു ദിലീപ് അവരെ ആശ്വസിപ്പിച്ചത്. ‘നിങ്ങള്‍ ജഗതിയെക്കുറിച്ച് ഓര്‍ത്തു നോക്കൂ. അല്ലെങ്കില്‍ സുഖമില്ലാത്ത ഇന്നസെന്റിന് വേണ്ടി പ്രാര്‍ഥിക്കൂ എന്നും ദിലീപ് അവരോട് പറഞ്ഞു.
ജോഷിയും ലാല്‍ ജോസും മടങ്ങിയ ശേഷമാണ് സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും എത്തിയത്. പിന്നീട് ദിലീപ് അനുകൂലികളുടെ കൂട്ടസന്ദര്‍ശനം തന്നെയായിരുന്നു.
കേസില്‍ സംശയത്തിന്റെ നിഴലിലുള്ള നാദിര്‍ഷയാണ് ദിലീപിനെ കാണാന്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കുടുംബാംഗങ്ങളും എത്തി. തിരുവോണ ദിവസം ഓണപ്പുടവയുമായി ജയറാം എത്തി. കെബി ഗണേഷ് കുമാര്‍ ജയില്‍ ദിലീപിനെ സന്ദര്‍ശിച്ചതിന് ശേഷം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിരുന്നു. കോടതി വിധിവരും വരെ ദിലീപ് കുറ്റക്കാരനല്ലെന്നും, ദിലീപിന് സിനിമാ രംഗത്തുള്ളവര്‍ പിന്തുണ നല്‍കണമെന്നുമായിരുന്നു ഗണേഷിന്റെ പ്രസ്താവന.
പിന്നീട് കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ, വിജയരാഘവന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധി പേരും ദിലീപിന് കാണാനായി ജയിലിലെത്തി.
സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ ജയില്‍ അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പലരും ദിലീപിനെ കാണാനെത്തിയതെന്ന ആരോപണം നിലനില്‍ക്കെയാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here