പ്രിയങ്കചോപ്രയ്ക്ക് കുറ്റബോധം; അഭിനയജീവിതത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തെറ്റുകള്‍ ചെയ്തു; ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ സൂപ്പര്‍ നായികയെന്ന വിശേഷണത്തില്‍ നിന്നും ഹോളിവുഡിന്റെ മനസ്സും കീഴടക്കി കുതിക്കുകയാണ് താരസുന്ദരി. അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ എല്ലാവരെയും പോലെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു പ്രിയങ്കയുടെ ജീവിതവും.

ലോകസുന്ദരിപട്ടം നേടിയ ശേഷമാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും ആദ്യ ഘട്ടത്തില്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടി വന്നിരുന്നെന്ന് താരം തുറന്ന് പറയുകയാണ്. മനസിന് ഇഷ്ടപെടാത്ത കാര്യങ്ങള്‍ പോലും ആ ഘട്ടത്തില്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. താരപകിട്ടില്ലാത്ത ആദ്യ ഘട്ടത്തില്‍ ചെയ്ത് പോയ തെറ്റിനെക്കുറിച്ചോര്‍ത്ത് പ്രിയങ്ക ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്.

നിറത്തിന്റെ പേരില്‍ വിവേചനമില്ലെന്ന പ്രഖ്യാപനം പരസ്യമായി നടത്തുമ്പോള്‍ തന്നെ ഉള്ളില്‍ ആ വിവേചനം പേറി ജീവിക്കുന്നവരാണ് മനുഷ്യര്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മിക്കവാറും എല്ലാവരും ഇത്തരം ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരാണ്. സൗന്ദര്യം വര്‍ദ്ദിപ്പിക്കാനുള്ള പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നിറത്തിന്റെ വിവേചനം ബോധ്യമാകും.

എന്നാല്‍ താന്‍ അങ്ങനെയല്ലെന്നാണ് പ്രിയങ്ക കുറ്റസമ്മതത്തിലൂടെ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച പരസ്യങ്ങള്‍ തെറ്റായിപോയെന്ന് തുറന്നു പറയുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ വിശദീകരണം. സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ക്രീം ഉപയോഗിക്കുകയെന്ന പരസ്യത്തില്‍ അഭിനയിച്ചതിലൂടെ താന്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കിയതെന്നും തുറന്ന് പറയാന്‍ പ്രിയങ്ക തയ്യാറായി.

കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ആ തെറ്റിനെയോര്‍ത്ത് ഇപ്പോഴും ദുഖിക്കുന്നുണ്ടെന്നും തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ചെയ്തതാണെന്നും താരം വ്യക്തമാക്കി. താനും ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചിരുന്ന വ്യക്തിയാണെന്ന് പറഞ്ഞ പ്രിയങ്ക അന്ന് വര്‍ണവിവേചനത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെന്നും വിവരിച്ചു. അന്ന് അഭിനയിച്ച പരസ്യങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ വല്ലാത്ത കുറ്റബോധമുണ്ട്.

നിറങ്ങളെല്ലാം സുന്ദരമാണെന്ന് അറിയാത്തവര്‍ക്കാണ് ഇത്തരം വിവേചനങ്ങളെന്നും ഇനിയൊരിക്കലും ഇത്തരം തെറ്റ് ആവര്‍ത്തിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അഭയാര്‍ഥികളെ അപമാനിക്കുന്ന തരത്തിലുള്ള ടി ഷര്‍ട്ട് ധരിച്ചെന്ന വിവാദവും പ്രിയങ്കയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News