ഒമാന്‍ സുല്‍ത്താനും ദൈവത്തിനും നന്ദി; ഫാ.ടോം ഉഴുന്നാല്‍

ദില്ലി: ഭീകരസംഘത്തില്‍ നിന്ന് മോചിതനായതില്‍ ഒമാന്‍ സുല്‍ത്താനും ദൈവത്തിനും നന്ദി രേഖപ്പെടുത്തി ഫാ.ടോം ഉഴുന്നാല്‍. സുല്‍ത്താന് എല്ലാ ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും ഫാദര്‍ ഉഴുന്നാല്‍ പറഞ്ഞു.

മസ്‌ക്കറ്റിലെത്തിയശേഷം ഒമാന്‍ ചാനലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഒമാന വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ യെമനില്‍നിന്ന് മസ്‌ക്കറ്റിലെത്തിച്ചത്.

ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഫാ.ടോം മോചിതനായത്. ആരോഗ്യനില മോശമായതിനാല്‍ ഫാ.ടോമിനെ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ അദ്ദേഹത്തെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരങ്ങള്‍.

2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. പിന്നീട് ഫാ.ടോമിനെ മോചിപ്പിക്കണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോകളും സോഷ്യല്‍മീഡിയ വഴി പുറത്ത് വന്നിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് അവസാന വീഡിയോ പുറത്ത് വന്നത്.

സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമാണ് ഫാം. ടോം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News