വീണ്ടും മുത്തലാഖ്; ഭാര്യ സുന്ദരിയല്ലെന്ന് ഭര്‍ത്താവിന്റെ വിശദീകരണം; മുത്തലാഖ് എത്തിയത് സ്പീഡ് പോസ്റ്റില്‍

സുപ്രീംകോടതി വിലക്ക് മറികടന്ന് മുസ്‌ലിം വിവാഹമോചന രീതിയായ മുത്തലാഖ് തുടരുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മെറിലെ പൊഖ്‌റാനില്‍ മംഗോലയ് ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയ്ക്കാണ് ഭര്‍ത്താവ് യുപി സ്വദേശിയായ മുഹമ്മദ് അര്‍ഷാദ് സ്പീഡ് പോസ്റ്റില്‍ മുത്തലാഖ് അയച്ചത്.

ഭാര്യ സുന്ദരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുത്തലാഖ്. മാതാപിതാക്കള്‍ക്കൊപ്പം ഗ്രാമത്തില്‍ താമസിക്കുന്ന ഭാര്യയ്ക്ക് സെപ്റ്റംബര്‍ ഒന്നിനാണ് ഉര്‍ദുവിലുള്ള കത്ത് അയച്ചത്. നിരക്ഷരരായതിനാല്‍ മറ്റൊരാളാണു കത്തിന്റെ ഉള്ളടക്കം അറിയിച്ചത്.

രണ്ടര വര്‍ഷം മുമ്പായിരുന്നു മുഹമ്മദ് അര്‍ഷാദിന്റെയും യുവതിയുടെയും നിക്കാഹെന്ന് യുവതിയുടെ പിതാവ് ചോട്ടുഖാന്‍ പറഞ്ഞു. ഒരുമിച്ചു ജീവിച്ച ആദ്യ കാലത്ത് മുഹമ്മദ് അര്‍ഷദിന് ഭാര്യയോട് പ്രശ്‌നമൊന്നുമില്ലായിരുന്നു. പിന്നീട് സൗന്ദര്യമില്ലെന്നു ചൂണ്ടിക്കാട്ടി മര്‍ദനം ആരംഭിച്ചു.

പലതവണ ചോട്ടുഖാന്‍ ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല. തുടര്‍ന്ന് ആഗസ്ത് 14ന് അര്‍ഷാദ് തപാല്‍ വഴി മുത്തലാഖ് അയയ്ക്കുകയായിരുന്നു. അര്‍ഷദിനെതിരെ യുവതിയും ബന്ധുക്കളും പോഖ്‌റാന്‍ പൊലീസ് സ്റ്റേഷനില്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ പരാതി നല്‍കിയിരുന്നു. മുത്തലാഖ് നോട്ടീസയച്ചതിന്റെ പേരില്‍ അര്‍ഷദിനെതിരെ നടപടിയെടുക്കുമെന്ന് എസ്പി ഗൗരവ് യാദവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here