ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ബാഴ്സലോണ-യുവന്റസ് മത്സരമാണ് ശ്രദ്ധേയം. ബയേണ്‍ മ്യൂണിക്, പിഎസ്ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് ടീമുകളും ഇന്ന് ആദ്യമത്സരത്തിന് ഇറങ്ങും.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ രണ്ടിലും മുഖാമുഖം വന്ന ടീമുകളാണ് ബാഴ്സയും യുവന്റസും. 2015ലെ ഫൈനലില്‍ ബാഴ്സ യുവന്റസിനെ കീഴടക്കി കിരീടം ചൂടി. കഴിഞ്ഞ സീസണില്‍ യുവന്റസ് പകരംവീട്ടി. ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ 3-0ന് തകര്‍ത്തു. നൌകാമ്പില്‍ ബാഴ്സയെ ഗോള്‍രഹിതമായി പിടിച്ചുകെട്ടുകയും ചെയ്തു.

ഇക്കുറി ബാഴ്സ ഏറെ മാറി. നെയ്മര്‍ ഇല്ല. താരലേല വിപണിയില്‍ പ്രതീക്ഷിച്ച കളിക്കാരെ കിട്ടിയില്ല. ബാഴ്സലോണക്കാര്‍ ക്ളബ് തലവന്മാര്‍ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ലയണല്‍ മെസിയും ആന്ദ്രേ ഇനിയേസ്റ്റയും ഇതുവരെ കരാര്‍ പുതുക്കിയില്ല. സ്പാനിഷ് സൂപ്പര്‍കപ്പില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനോട് തോല്‍ക്കുകയും ചെയ്തു. അതിനിടെ കളിക്കാരും ബോര്‍ഡും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്.

സ്പാനിഷ് ലീഗില്‍ പക്ഷേ, ബാഴ്സയുടെ തുടക്കം ഗംഭീരമാണ്. അവസാന മത്സരത്തില്‍ എസ്പാന്യോളിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. മെസിയുടെ ഹാട്രിക്കും യുവതാരം ഉസ്മാന്‍ ഡെംബെലെയുടെ തിളക്കമുള്ള അരങ്ങേറ്റവും ബാഴ്സയ്ക്ക് പ്രതീക്ഷ നല്‍കുന്നു. നെയ്മര്‍ക്ക് പകരം ഡെംബലെ ബാഴ്സയുടെ ഊര്‍ജമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍തോല്‍വിക്ക് മറുപടി കൊടുക്കാനാണ് ബാഴ്സയുടെ ശ്രമം.
കോച്ച് ഏണെസ്റ്റോ വാല്‍വെര്‍ദെയുടെ തന്ത്രങ്ങള്‍ മികച്ചതാണ്. വലതുബാക്കായി നെല്‍സണ്‍ സെമെദോയെ കൊണ്ടുവന്നത് ബാഴ്സയുടെ നീക്കങ്ങള്‍ക്ക് വേഗംനല്‍കി. കഴിഞ്ഞ സീസണില്‍ ഏറെ പഴികേട്ട ആന്ദ്രേ ഗോമെസിനെ കാര്യക്ഷമമായി ഉപയോഗിക്കാന്‍കഴിഞ്ഞു. എസ്പാന്യോളിനെതിരെ പകരക്കാരനായെത്തിയ ഗോമെസ് മികച്ച കളി പുറത്തെടുത്തു. ഗോളടിക്കാന്‍ വിയര്‍ക്കുന്ന ലൂയിസ് സുവാരസിലാണ് ആശങ്ക. ഒരു ഗോള്‍ നേടിയെങ്കിലും സുവാരസ് അവസരങ്ങള്‍ ഏറെ പാഴാക്കി.

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് കുതിപ്പുതുടങ്ങി. പാബ്ളോ ഡിബാലയും ഗൊണ്‍സാലോ ഹിഗ്വെയ്നും ഗോളടിമികവിലാണ്. കഴിഞ്ഞ പതിപ്പില്‍ ബാഴ്സ മുന്നേറ്റത്തിന് ഗോളടിക്കാനുള്ള അവസരം പോലും യുവന്റസ് നല്‍കിയിരുന്നില്ല. ഗ്രൂപ്പ് ഡിയില്‍ ഒളിമ്പിയാകോസും സ്പോര്‍ടിങ് സിപിയുമാണ് മറ്റ് ടീമുകള്‍.
ചാമ്പ്യന്‍സ് ലീഗില്‍ ഇക്കുറി ഏറ്റവും ശ്രദ്ധേയര്‍ പിഎസ്ജിയാണ്. നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നീ ഉശിരന്‍ കളിക്കാരുമായി വരുന്ന പിഎസ്ജി കിരീടമാണ് ലക്ഷ്യമിടുന്നത്. നെയ്മര്‍ക്കും എംബാപ്പെയ്ക്കും ഒപ്പം എഡിന്‍സണ്‍ കവാനിയുംകൂടി ചേരുന്നതോടെ ലോകത്തെ ഏറ്റവും മികച്ച ആക്രമണനിരയാകും പിഎസ്ജിയുടേത്. ഫ്രഞ്ച് ലീഗില്‍ ഗോളടിച്ചുകൂട്ടുകയാണ് പിഎസ്ജി. ഗ്രൂപ്പ് ബിയില്‍ സെല്‍റ്റിക്കാണ് പിഎസ്ജിയുടെ ഇന്നത്തെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക് ആന്‍ഡെര്‍ലെക്റ്റുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് സിയില്‍ ചെല്‍സി ക്വറാബാഗിനെയും റോമ അത്ലറ്റികോ മാഡ്രിഡിനെയും നേരിടും. ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ബേസല്‍, ബെന്‍ഫിക്ക-സിഎഎസ്കെഎ മോസ്കോ മത്സരങ്ങളും നടക്കും.