മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വേങ്ങര തിരഞ്ഞെടുപ്പ് ചൂടില്‍. മുസ്ലിംലീഗിന് മേല്‍ക്കയ്യുള്ള മണ്ഡലത്തില്‍ വികസന പ്രശ്‌നങ്ങളും യു ഡി എഫിലെ ഭിന്നതയും വോട്ടാക്കി മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇടതുപക്ഷം. വീറും വാശിയും നിറഞ്ഞ മത്സരമാണ് വേങ്ങര കാത്തിരിക്കുന്നത്.
വേങ്ങര മണ്ഡലം രൂപീകരിച്ചതുമുതല്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
പഴയ മലപ്പുറം മണ്ഡലത്തിലുണ്ടായിരുന്ന കണ്ണമംഗലം, ഒതുക്കുങ്ങല്‍ വേങ്ങര, ഊരകം പഞ്ചായത്തുകളും തിരൂരങ്ങാടിയിലെ എ ആര്‍ നഗറും താനൂരിലെ പറപ്പൂരും ചേര്‍ത്താണ് വേങ്ങര മണ്ഡലം രൂപീകരിച്ചത്. എല്ലാപഞ്ചായത്തുകളിലും യു ഡി എഫ് ഭരണം.
2006-ല്‍ ഐസ്‌ക്രീം വിവാദത്തില്‍ കുറ്റിപ്പുറം കോട്ടയില്‍ പി കെ കുഞ്ഞാലിക്കുട്ടി തോറ്റതിനുശേഷം 2011-ല്‍ മത്സരിയ്ക്കാനെത്തിയത് പുതുതായുണ്ടാക്കിയ ഈ വേങ്ങരയില്‍.. 38237 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങര കുഞ്ഞാലിക്കുട്ടിയ്ക്ക് നല്‍കിയത്.. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം ഉയര്‍ന്നു.
യു ഡി എഫില്‍ കടുത്ത ഭിന്നതയുള്ള മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റൊരാള്‍ മത്സരിക്കുന്നതില്‍ ലീഗിനുതന്നെ ആത്മവിശ്വാസക്കുറവുണ്ട്. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ വോട്ടാക്കുകയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.
ഇരുമുന്നണികളും വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തെത്തുമെന്നുറപ്പാണ്. യു ഡി എഫ് സ്ഥാര്‍ഥിയായി മുതിര്‍ന്ന നേതാക്കളെയാണ് പരിഗണിക്കുന്നത്. അതേസമയം ഇടതുപക്ഷം യുവാക്കള്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരു പോലെ പരിഗണന നല്‍കുന്നുണ്ട്. സ്ഥാനാര്‍ഥിയിലൂടെ ജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണവര്‍.
Get real time update about this post categories directly on your device, subscribe now.