വാക്കിന്റെ നാക്കു മുറിച്ചാലും ആയിരം ജന്മങ്ങളെടുത്ത് അതു ശബ്ദിച്ചുകൊണ്ടേയിരിക്കും

ഒരെഴുത്തുകാരിയെക്കൂടി കൊന്നു. തുടര്‍ച്ചയായ കൊല്ലലുകള്‍ ഉണര്‍ത്തിപ്പടര്‍ത്തുന്ന ഭീതിയും കാലുഷ്യവും ശങ്കകളും അപകടകരമാണ്. “എവിടെ നിര്‍ഭയമാകുന്നു മാനസം, എവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം”- അവിടമാണ് സ്വാതന്ത്യ്രസ്വര്‍ഗം എന്ന് ടാഗോര്‍ സ്വപ്നം കണ്ടു. സ്വാതന്ത്യ്രം അഭയമാണ്. ഭയരഹിതമായ സ്വാതന്ത്യ്രത്തിന്റെ ജനജിഹ്വയാണ് എഴുത്തുകാരനും കലാകാരനും. ഇന്ന് എഴുത്തുകാരന്‍തന്നെ സംഭീതനാണ്. ലോകത്ത് പലയിടത്തും എഴുത്തുകാരും കലാകാരന്മാരും പേടിച്ച് നാടുവിടുകയും മറുനാടുകളെ അഭയംപ്രാപിക്കുകയും ചെയ്തിട്ടുണ്ടല്ലോ.

‘വിളിച്ചുപറയുന്നവ’നായ സ്നാപകയോഹന്നാന്റെ ഗതിയേക്കാള്‍ കഷ്ടം. എപ്പോള്‍ കൊല്ലപ്പെടും, ആരാല്‍ കല്ലെറിയപ്പെടും എന്നു പേടിച്ച് വാക്ക് അടക്കേണ്ടുന്ന ഗതികേട്. എല്ലാരും എഴുത്തുകാരനെ അവനവന്റെ ഒറ്റക്കണ്ണുകൊണ്ടുമാത്രം കാണുന്നു; അതിനൊത്ത് വ്യാഖ്യാനിക്കുന്നു. “മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍ ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പുനല്‍കിന്‍” എന്നു മഹാകവി കുമാരനാശാനുപോലും പറയേണ്ടിവന്നുവല്ലോ. എങ്കിലും ധീരവചസ്സായ അദ്ദേഹം പറയേണ്ടത് പറയാതിരുന്നില്ല; ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കപ്പെട്ടെങ്കിലും. ആശാന്റെ വാക്കുകള്‍ ഇന്നും നമുക്കഭയം തരുന്നു.

വാക്കിന്റെ നാക്കു മുറിച്ചാലും ആയിരം ജന്മങ്ങളെടുത്ത് അത് ശബ്ദിച്ചുകൊണ്ടേയിരിക്കും. എഴുത്തുകാരനെയോ എഴുത്തുകാരിയെയോ കൊന്നാലും എഴുത്ത് ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും. അതിന്റെ പിന്നിലെ സത്യം കൊല്ലപ്പെടുന്നില്ല. ഓരോ കൊല്ലലിന്റെ പിന്നിലും നാമറിയാത്ത പലതുമുണ്ടാകാം. അവയ്ക്കുപിന്നിലെ ക്രൂരതയാണ് മനുഷ്യമനസ്സില്‍നിന്ന് മാഞ്ഞുപോകേണ്ടത്. ഈ ക്രൂരത പകര്‍ച്ചവ്യാധിയായി വരുന്നു. എന്നിട്ടുപോലും കേരളത്തെ ഇപ്പോഴും രക്ഷിച്ചുനിര്‍ത്തുന്നത് മാനവികതയിലുറച്ച മതനിരപേക്ഷമനസ്സാണ്; അധികം ചോര്‍ന്നുപോയിട്ടില്ലാത്ത സഹിഷ്ണുതയും. ഇതിനിടയിലും “പലവിധ യുക്തി പറഞ്ഞു പാമരന്മാരാലവതുകണ്ട്” അലയേണ്ട ദുരവസ്ഥ ഉണ്ടാകുന്നില്ലേ? “ഒരു മതവും പൊരുതാലൊടുങ്ങുവീല” എന്ന ഗുരുവചനം മറന്നുപോകുന്നില്ലേ? നമ്മുടെ രക്ഷാശക്തിയായ മതനിരപേക്ഷമനസ്സ് കൂടുതല്‍ പ്രോജ്വലമാകേണ്ട സമയമാണിത്. ആ മതനിരപേക്ഷ മനസ്സാണ് ഓരോ മലയാളിയേയും ഭയരഹിതമായി മുന്നോട്ടു നയിക്കുന്നത്.

എതിര്‍ക്കുന്നവനെയും കൂടെയിരുത്തി സംസാരിക്കാനുള്ള സൌമ്യഭാഷ നഷ്ടപ്പെട്ടുപോയി. സംവാദങ്ങളുടെ നാടായിരുന്നു നമ്മുടേത്, വിവാദങ്ങളുടേതല്ല. വിവാദങ്ങള്‍ അസത്യമാര്‍ഗത്തിലൂടെ സ്വാര്‍ഥവാശിയും പകയും ആന്ധ്യവും കൂട്ടുകയേ ഉള്ളൂ. സംവാദങ്ങള്‍ സത്യം തേടുന്നു. പരസ്പരം ആദരിക്കാന്‍ പഠിപ്പിക്കുന്നു. അന്യോന്യം സഹിക്കാന്‍ ശീലിപ്പിക്കുന്നു. ആത്മവിശാലതയും ഉദാരതയും തരുന്നു. സംവാദങ്ങളിലേക്ക് തിരിയട്ടെ, കലുഷമനസ്സുകള്‍.

അസഹിഷ്ണുതയുടെ തീയാണെങ്ങും. ഉറവാളൂരി നിന്ന ഉഗ്രനായ ശക്തന്‍ തമ്പുരാന്റെ മുന്നില്‍, പൂച്ചക്കണ്ണനായ അദ്ദേഹത്തോട്, “പൂച്ചയുടെ മുന്നില്‍പ്പെട്ട എലിക്കുഞ്ഞിനെപ്പോലെയാണ്” താനെന്നു പറയാന്‍ ധീരത കാട്ടിയ ചാക്യാരുടെ വാക്കുകേട്ട്, കോപം മറന്ന് ചിരിച്ചുപോയ തമ്പുരാനെപ്പോലുള്ളവര്‍ ഇന്നില്ല. തോലന്റെ കൂര്‍ത്ത വിമര്‍ശശരങ്ങളേറ്റിട്ടും അയാളെ കൂടെ കൊണ്ടുനടന്ന രാജാവിന്റെ മനസ്സും ഇന്നില്ല. തന്നെ വിമര്‍ശിച്ച് വരച്ചുകൊള്ളാന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്റുവിനെപ്പോലെയും കടുത്ത എതിരാളിയെയും ചിരിപ്പിച്ച് കൂടെനടത്തിയ ഇ കെ നായനാരെപ്പോലെയും ആരും, ഒരു പ്രസ്ഥാനവും കാണപ്പെടുന്നില്ല. അസഹിഷ്ണുതയുടെ തീപിടിച്ച കപടബോധങ്ങള്‍ പാവം ജനതയെയും കുഴപ്പത്തിലാക്കിയിരിക്കുന്നു. അവര്‍ക്കും ചേരികളില്‍ ചേക്കേറേണ്ടി വന്നിരിക്കുന്നു. എങ്കിലും അവരില്‍ നിറഞ്ഞുകത്തുന്ന മതനിരപേക്ഷതയുടെ വിളക്കുണ്ട്. ഹിംസാതന്ത്രങ്ങളും കാപട്യങ്ങളും നിര്‍വീര്യമാകട്ടെ. ചിന്തകള്‍ തമ്മില്‍ ഏറ്റുമുട്ടട്ടെ, അതില്‍നിന്ന് എല്ലാര്‍ക്കും എന്നും തുണയാകുന്ന സൃഷ്ടിപരമായ അഗ്നികള്‍ പൂത്തുവരട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News