കേരളം വികസനത്തിന്‍റെ പുതിയ പാതയില്‍; 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങളാണ് നാടിന് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്ഐഡിസി ധനസഹായം നല്‍കും. വ്യവസായ മേഖലയിലെ പരമ്പരാഗത രീതികളും കാഴ്ചപ്പാടുകളും യുവാക്കള്‍ മാറ്റിമറിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച മൂന്നാമത് യുവസംരംഭക സംഗമം (യെസ്-2017 3ഡി) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നൂതനാശയങ്ങളുമായി സംസ്ഥാനത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും നിരാശനാകേണ്ടിവരില്ല. ഭാവി സാമ്പത്തികവളര്‍ച്ചാ സ്രോതസ്സായ സംരംഭങ്ങള്‍ക്ക് 1375 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 549 കോടി ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കാണ്. 10 കോടി രൂപ ടെക്നോളജി ഇന്നൊവേഷനും 70 കോടി യുവജന സംരംഭകത്വ പരിപാടികള്‍ക്കുമാണ്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള അടിസ്ഥാനസൌകര്യം, പശ്ചാത്തലവികസനം എന്നിവ കെഎസ്ഐഡിസി ഉറപ്പാക്കും.

കൃഷി, ആരോഗ്യം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളിലേക്കും നൂതനാശയങ്ങള്‍ എത്തിക്കണം. കേരളത്തെ മികച്ച നിക്ഷേപസൌഹൃദ സംസ്ഥാനമാക്കാനാണ് ശ്രമം. പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ കര്‍മശേഷി സ്വന്തം നാട്ടില്‍ വിനിയോഗിക്കണം. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത രീതികള്‍ അനുയോജ്യമല്ല എന്നതിനാല്‍ മാറ്റംവരുത്തും. യുവാക്കളാണ് ചാലക ശക്തികള്‍. അവരുടെ കര്‍മശേഷിയാണ് മുതല്‍ക്കൂട്ട്. യുവാക്കള്‍ സ്വപ്നംകാണുകയും അത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസിമോ റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് രൂപകല്‍പ്പനചെയ്ത ചലിക്കുന്ന റോബോട്ട് കൈമാറിയ തെറ്റാലി ഉപയോഗിച്ചാണ് മുഖ്യമന്ത്രി സംഗമത്തിന്റെ സിഗ്നേച്ചര്‍ ഫിലിം പ്രദര്‍ശനം ഉദ്ഘാടനംചെയ്തത്. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി.

എം സ്വരാജ് എംഎല്‍എ, കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍, കെഎസ്ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, സംസ്ഥാന വ്യവസായ സെക്രട്ടറി സഞ്ജയ് കൌള്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ സംസാരിച്ചു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ ഡോ. എം ബീന സ്വാഗതവും സംരംഭകത്വ സംഘടനയായ ടിഐഇയുടെ പ്രസിഡന്റ് രാജേഷ് നായര്‍ നന്ദിയും പറഞ്ഞു. വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറാക്കിയ പ്രദര്‍ശനവും മുഖ്യമന്ത്രി കണ്ടു.

വ്യവസായത്തിന് 5000 ഏക്കര്‍ ഏറ്റെടുക്കും: എ സി മൊയ്തീന്‍

പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങാന്‍ 5000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍. യുവസംരംഭക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ ഫാക്ടിന്റെ 600 ഏക്കര്‍ ഏറ്റെടുക്കുന്നതിന്റെ നടപടി അവസാനഘട്ടത്തിലാണ്. അങ്കമാലിയില്‍ ടൂള്‍ റൂമിനായും ഭൂമി ഏറ്റെടുക്കുന്നുണ്ട്. നവകേരള സൃഷ്ടിക്കായുള്ള പശ്ചാത്തല സൌകര്യം ഒരുക്കാനും വ്യവസായികള്‍ക്ക് വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ സഹായിക്കും. ഇതിനായി ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഡവലപ്മെന്റ് ആക്ട് എന്ന നിയമനിര്‍മാണത്തിന് നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News