മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ 10 മണിക്കൂറോളം ചോദ്യം ചെയ്തു

കൊല്ലം: പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിട്ടും മുരുകന്റെ മരണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.  വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ലെന്നും, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നീ മൊഴികളാണ് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചത്. സിറ്റി ക്രൈംബ്രാഞ്ച് എസിപി എ അശോകന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

മുരുകന്റെ മരണത്തില്‍ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍മാരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്.  അസീസിയ മെഡിക്കല്‍ കൊളേജിലെ രാമനുണ്ണി, ഹാഷിഖ് എന്നീ ഡോക്ടര്‍മാരെയും, മെഡിട്രീനയിലെ ഡോക്ടര്‍ മഞ്ചു പ്രതാപ് എന്നിവരെയുമാണ് ചോദ്യം ചെയ്തത്.

ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് മുന്‍പ് ആരംഭിച്ച് രാത്രി 9 മണിവരെ തുടര്‍ന്നു.  അപകടം പറ്റി മുരുകനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ന്യൂറോ സര്‍ജന്‍ ഉണ്ടായിരുന്നില്ല എന്നും, വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല എന്നുമുള്ള ന്യായീകരണങ്ങള്‍ തന്നെയാണ് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചത്. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് വെന്റിലേറ്റര്‍ ആവശ്യമായ രോഗിയെ എത്തിക്കൂമ്പോള്‍ സ്വീകരിക്കേണ്ട സാങ്കേതിക നടപടി ക്രമങ്ങള്‍ പാലിച്ച് വൈകിപ്പിക്കാതെ മറ്റ് ആശുപത്രികളില്‍ കൊണ്ട് പോകാന്‍ ഉടന്‍ നിര്‍ദ്ദേശിച്ചതെന്നും ഇവര്‍ മൊഴി നല്‍കി.

സമയ പരിമിതി കാരണം മെഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍ ബിനു ആനന്ദിനെ ചോദ്യം ചെയ്യുന്നത് അടുത്ത ദിവസത്തേയ്ക്ക് മാറ്റി. കൊല്ലം മെഡിസിറ്റി, തിരുവനന്തപുരം എസ് യുടി ആശുപത്രികളിലെ ഡോക്ടര്‍മാരോട് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് ഇതുവരെ കൈമാറാത്തത് അന്വേഷണത്തിന് പ്രതികൂലമാകുമൊ എന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News