
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ ഇനിമുതല്‍ ആദിവാസികളുടെ തനത് ധാന്യങ്ങള്‍ വിളയും. ആദിവാസി ഊരുകളെ സ്വയം പര്യാപ്തമാക്കുന്നതിനായി സര്‍ക്കാരിന്‍റെ ചെറുധാന്യ കേന്ദ്രം പദ്ധതി അട്ടപ്പാടിയില് ആരംഭിച്ചു. ഒക്ടോബറില്‍ പദ്ധതി പ്രഖ്യാപനം നടക്കും.
റാഗിയും, ചോളവും, ചാമയുമെല്ലാം യഥേഷ്ടം ആദിവാസി ഊരുകളില്‍ വിളഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നോ മറഞ്ഞു പോയ കാര്‍ഷിക സമൃദ്ധിയുടെ ആ നല്ല കാലത്തെ തിരികെ കൊണ്ടു വരാനാണ് സര്‍ക്കാര്‍ അട്ടപ്പാടിയെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ച് ചെറുധാന്യ കേന്ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കാര്‍ഷിക വിപ്ലവത്തിനായി നിലമൊരുക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി തന്നെ തുടക്കം കുറിച്ചു. കാര്‍ഷിക അഭിവൃദ്ധിക്കു പുറമെ ആദിവാസികളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
മന്ത്രി എകെ ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കോറ, വരഗ്, ചോളം, ചാമ, എള്ള്, അരി, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കൃഷിക്കൊപ്പം തേനീച്ച വളര്‍ത്തലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 34 ഊരുകളിലെ 1250 ഏക്കറില്‍ കൃഷി നടത്തും. മൂന്ന് വര്‍ഷത്തിനകം ഓരോ ഊരിലേയും കാലാവസ്ഥക്കനുയോജ്യമായ ധാന്യങ്ങള്‍ തിരഞ്ഞെടുത്ത് 192 ഊരിലും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
ആദിവാസികള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ നല്‍കിയ ശേഷം അട്ടപ്പാടി ഓര്‍ഗാനിക് എന്ന പേരില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി സര്‍ക്കാര്‍ സംഭരിച്ച് വില്‍പന നടത്തും. പദ്ധതിയുടെ തുടര്‍ നടത്തിപ്പിനായി ആദിവാസികളെ ഉള്‍പ്പെടുത്തി കന്പനി രൂപീകരിക്കും. കൃഷിവകുപ്പും പട്ടികവര്‍ഗ്ഗവികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ വനംവകുപ്പും സഹകരിക്കും. ഇടുക്കിയിലെയും വയനാട്ടിലെയും ആദിവാസി ഊരുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here