വേങ്ങരയില്‍ മുസ്ലിംലീഗിനു വേണ്ടി ആര് കളത്തിലെത്തും; മജീദിനും ഫിറോസിനും സാധ്യത

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുസ്ലിംലീഗില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയും തര്‍ക്കവും സജീവം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസുമുള്‍പ്പെടെ ആറുപേരാണ് താല്‍പ്പര്യമറിയിച്ചെത്തിയത്.

വേങ്ങരയെക്കാള്‍ ഉറപ്പുള്ള കോട്ടകളില്‍ തോറ്റതെങ്കിലും സംസ്ഥാനജനറല്‍ സെക്രട്ടറി കെ പി എമജീദിനാണ് കൂട്ടത്തില്‍ മത്സരിക്കാന്‍ കൂടുതല്‍ മോഹം. കോണ്‍ഗ്രസ് വോട്ടുകളും മണ്ഡലത്തിലെ ഭൂരിപക്ഷം സുന്നിവോട്ടുകളും മറിച്ചുകുത്തിയേക്കാമെന്ന ഭയം മജീദിന് കടമ്പയാവും.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ മത്സരിപ്പിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും താല്‍പ്പര്യമുണ്ട്. യൂത്ത് ലീഗിനെ അവഗണിക്കുന്നുവെന്ന പരാതി ഇതോടെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണിത്.

എന്നാല്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ എന്‍ എ കാദറും അബ്ദുറഹ്മാന്‍ രണ്ടത്താണിയും മത്സരിക്കാനുള്ള മോഹവുമായി നിരവധിതവണ നേതാക്കളെ കണ്ടിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി പി ബാവഹാജിയും ചരടുവലികള്‍ സജീവമാക്കിയിട്ടുണ്ട്. കെ എം സി സിയുടെയും പാണക്കാട് കുടുംബത്തിന്റെ പിന്തുണ ബാവഹാജിക്കുണ്ടെങ്കിലും ജനപിന്തുണയില്ലാത്തത് തിരിച്ചടിയാവും. അവസാനഘട്ടത്തില്‍ കെ പി എ മജീദോ പി കെ ഫിറോസോ മത്സരിക്കാനെത്തമെന്നാണ് വിലയിരുത്തുന്നത്.

പ്രാദേശിക പിന്തുണയോടെ കുഞ്ഞാലിക്കുട്ടി ബന്ധുകൂടിയായ പി കെ അസ്ലു താല്‍പ്പര്യമറിയിച്ചെങ്കിലും ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചിരുന്നു. രണ്ടും ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കളത്തിലിറങ്ങാണ നീക്കം ലീഗില്‍ സജീവമായിട്ടുണ്ട്. 19ാം തിയതിക്ക് മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News