നാദിര്‍ഷ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നാദിര്‍ഷയോട് കോടതി നിര്‍ദേശിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി അന്വേഷണസംഘത്തോട് നിര്‍ദേശിച്ചു.

അതേസമയം, കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്നും ഡിജിപി കോടതിയില്‍ വ്യക്തമാക്കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെയും പൊലീസ് എതിര്‍ത്തു. കേസില്‍ നാദിര്‍ഷയുടെ മൊഴിക്ക് പ്രാധാന്യം ഉണ്ടെന്നും നാദിര്‍ഷയെ ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും കോടതി ചോദിച്ചു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസ് സംബന്ധിച്ച ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി അറിയിച്ചു.
പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ കേസില്‍ മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിന് വിധേയനായതാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്ന് തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസന്വേഷണവുമായി താന്‍ സഹകരിച്ചു വരികയാണെന്നും നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല.

നാദിര്‍ഷയെ നേരത്തെ ചോദ്യം ചെയ്യവെ നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ട്. ദിലീപിന്റെ അറസ്റ്റിന് ശേഷം നാദിര്‍ഷയുടെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് പണം നല്‍കിയിരുന്നുവെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു പണം കൈമാറിയതെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News