പാലക്കാട് ഇരട്ടകൊലപാതകത്തിന് പിന്നില്‍ വിവാഹേതരബന്ധം; മരുമകള്‍ക്കും പങ്കെന്ന് സൂചന

പാലക്കാട്: പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വൃദ്ധദമ്പതികളുടെ മരുമകളുടെ സുഹൃത്താണ് സദാനന്ദന്‍ എന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ മരുമകള്‍ ഷീജയ്ക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്.

പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി (62) എന്നിവരെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സ്വാമിനാഥനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്.

പുലര്‍ച്ചെ അയല്‍വാസികളാണ് ഇരുവരെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ പാല്‍ നല്‍കാനെത്തിയ അയല്‍വാസിയായ സ്ത്രീ ദമ്പതികളുടെ കൂടെ താമസിച്ചിരുന്ന മരുമകള്‍ ഷീജയെ കൈയ്യും കാലും ബന്ധിച്ച് വീട്ടുമുറ്റത്ത് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നേരത്തെ വധശ്രമം നടന്നതായി കാണിച്ച് സ്വാമിനാഥന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആഗസ്ത് 31ന് വീട്ടിലെ വൈദ്യുതി മീറ്ററില്‍ നിന്നും ഷോക്കേല്പിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഇതിനു ശേഷമാണ് തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന മരുമകള്‍ ഷീജ ഇവരോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

സമീപത്തെ ക്വാറിയിലേക്ക് പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പാട ശേഖര സമിതി സെക്രട്ടറിയായ സ്വാമിനാഥനുമായി തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പാലം നിര്‍മാണം സ്വാമിനാഥന്‍ എതിര്‍ത്തിരുന്നു. ഈ സംഭവത്തിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News