കരുണ എസ്റ്റേറ്റ്: കരം സ്വീകരിക്കാനുള്ള തീരുമാനം റദ്ദാക്കി

തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള കരുണ എസ്റ്റേറ്റ് ഭൂമിയുടെ കരം സ്വീകരിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം റദ്ദാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് കരം സ്വീകരിക്കാനുള്ള വിവാദ തീരുമാനമെടുത്തത്. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം. തിരുവനന്തപുരം ടെന്നീസ് ക്ലബിന് പാട്ടക്കുടിശികയില്‍ ഇളവ് നല്‍കുന്നത് പുന:പരിശോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

നെല്ലിയാമ്പതിയില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള 800 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റിന്റെ ഭൂമിനികുതി സ്വീകരിക്കാനുള്ള തീരുമാനമാണ് മന്ത്രിസഭ റദ്ദാക്കിയത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കൈകൊണ്ട വിവാദ തീരുമാനങ്ങളില്‍ ഒന്നാണ് കരുണയില്‍ നിന്ന് കരം സ്വീകരിക്കാനുള്ള തീരുമാനം. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയതെന്നും സമിതി വിലയിരുത്തി. ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

തിരുവനന്തപുരം ടെന്നീസ് ക്ലബിന് പാട്ടക്കുടിശ്ശികയില്‍ ഇളവ് നല്‍കുന്നത് പുന:പരിശോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ടെന്നീസ് ക്ലബ്ബിന്റെ കൈവശമുളള 4.27 ഏക്കര്‍ ഭൂമിയുടെ പാട്ട കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിക്കൊണ്ട് പാട്ടം പുതുക്കി നല്‍കാനാണ് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനുകളിലെയും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 138 തസ്തികകളും പുതുതായി ആരംഭിച്ച ESI ഡിസ്‌പെന്‍സറികളില്‍ 162 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News