മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ്; 111 ഓട്ടോകളില്‍ നിന്ന് പിഴ ഈടാക്കി

കൊല്ലം: കൊല്ലം നഗരസഭാ പരിധിയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളില്‍ നിന്ന് പൊലീസ് പിഴ ഈടാക്കി. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ പിടിച്ചെടുക്കാന്‍ കൊല്ലം എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ നഗരസഭാ പരിധിയില്‍ വ്യാപക പരിശോധനയാണ് പൊലീസ് നടത്തിയത്.

ആകെ 666 ഓട്ടോറിക്ഷകള്‍ പരിശോധിച്ചതില്‍ 111 ഓട്ടോറിക്ഷകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയാണ് ഓടുന്നതെന്ന് കണ്ടെത്തി. നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ മഞ്ഞ നിറവും മീറ്ററും നിര്‍ബന്ധമാക്കിയിരുന്നു. മേയര്‍, പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മീറ്റര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനമെടുത്തത്. ഇത് അവഗണിച്ച് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

ഉഷ തീയറ്റര്‍ ജംഗ്ഷന്‍, ചിന്നക്കട, താലൂക്ക് കച്ചേരി എന്നിവിടങ്ങളില്‍ എ.സി.പി നേരിട്ട് പരിശോധനയ്ക്കിറങ്ങി. മറ്റിടങ്ങളില്‍ കൊല്ലം സബ് ഡിവിഷനിലെ വിവിധ സി.ഐമാരും എസ്.ഐമാരും പരിശോധയ്ക്ക് നേതൃത്വം നല്‍കി. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുകയും അമിത ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ പരിശോധനയും നടപടിയും തുടരുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News