മൂലധനത്തിന് 150 വയസ്; ‘തൊഴിലാളിവര്‍ഗത്തിന്റെ ബൈബിളി’നെക്കുറിച്ച് ഇഎംഎസ് പറഞ്ഞത്

1867ലാണ് മാര്‍ക്‌സിന്റെ പ്രധാനകൃതിയായ മൂലധനത്തിന്റെ ഒന്നാംവാള്യം പുറത്തുവന്നത്. അത് പ്രസില്‍ കൊടുക്കുന്നതിനുവേണ്ട എല്ലാ ജോലിയും മാര്‍ക്‌സ് തന്നെ നിറവേറ്റി. അതുകൊണ്ട് അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതിയെന്ന പദവി ആ വാള്യത്തിന് കിട്ടി.

ജര്‍മന്‍ ഭാഷയിലാണ് ആ ഗ്രന്ഥം രചിച്ചതും പ്രസിദ്ധീകരിച്ചതും. എന്നാല്‍, അധികം ചെല്ലുന്നതിനുമുമ്പ് ഒരു റഷ്യന്‍ പതിപ്പും ഫ്രഞ്ച് പതിപ്പും പുറത്തുവന്നു. രണ്ടിനുമിടയ്ക്ക് ജര്‍മന്‍ ഭാഷയില്‍തന്നെ രണ്ടാംപതിപ്പ് പുറത്തുവന്നു. അങ്ങനെ മാര്‍ക്‌സ് ജീവിച്ച കാലത്തുതന്നെ ഒന്നിലേറെ ഭാഷകളില്‍ ആ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീടുള്ള ഒരു പതിപ്പിനുള്ള മുഖവുരയില്‍ ഏംഗല്‍സ് ഇങ്ങനെ പറഞ്ഞു: ‘തൊഴിലാളിവര്‍ഗത്തിന്റെ ബൈബിളായി തീര്‍ന്നിരിക്കുന്നു ഈ ഗ്രന്ഥം”.

ഇതിനെ തുടര്‍ന്ന് മൂന്ന് വാള്യങ്ങള്‍കൂടി പുറത്തിറക്കാന്‍ മാര്‍ക്‌സ് ഉദ്ദേശിച്ചിരുന്നു. അതിനുവേണ്ട കുറിപ്പുകള്‍ തയ്യാറാക്കി ഗ്രന്ഥരചനയ്ക്ക് വേണ്ട എല്ലാ ഏര്‍പ്പാടുകളും അദ്ദേഹം ചെയ്തുവച്ചു. എന്നാല്‍, ഒന്നാം വാള്യമെന്നപോലെ സമ്പൂര്‍ണ കൃതിയാക്കി രചിക്കാനും പ്രസിദ്ധീകരണത്തിന് പ്രസിലേക്ക് അയക്കാനും മരിക്കുന്നതിനുമുമ്പ് മാര്‍ക്‌സിന് കഴിഞ്ഞില്ല.

രണ്ടും മൂന്നും വാള്യങ്ങളുടെ കാര്യത്തില്‍ ആ ജോലി ഏറ്റെടുത്തത് ഏംഗല്‍സാണ്. മാര്‍ക്‌സ് എഴുതിവച്ച കുറിപ്പുകള്‍ അങ്ങനെ തന്നെ പ്രസില്‍ കൊടുക്കാനല്ല ഏംഗല്‍സ് തയ്യാറായത്. കുറിപ്പുകളില്‍ അവ്യക്തതയുള്ളിടത്ത് വ്യക്തത വരുത്തുകയും ഗ്രന്ഥം പൊതുവില്‍ പഠനയോഗ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്ന ജോലി ഏംഗല്‍സ് നിര്‍വഹിച്ചു. അതുകൊണ്ടാണ് ലെനിന്‍ രണ്ടും മൂന്നും വാള്യങ്ങള്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും സംയുക്തകൃതിയാണെന്ന് വിശേഷിപ്പിച്ചത്.

ഏംഗല്‍സിനുപോലും നാലാംവാള്യത്തിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മിച്ച മൂല്യം സംബന്ധിച്ച് മുന്‍കാല അര്‍ഥശാസ്ത്രകാരന്മാരുടെ രചനകളില്‍നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്ത് സ്വന്തം അഭിപ്രായപ്രകടനം നടത്താനാണ് ആ വാള്യത്തില്‍ മാര്‍ക്‌സ് ശ്രമിച്ചത്. അതിന്റെ ജോലി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ ഏംഗല്‍സിനുപോലും കഴിഞ്ഞില്ല. അതുകൊണ്ട് ഏംഗല്‍സിന്റെ കാലശേഷം മറ്റൊരു സമുന്നത ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതനായിരുന്ന കൌത്സകിയാണ് ആ ജോലി നിര്‍വഹിച്ചത്്. ഇതാകട്ടെ മൂന്നുവാള്യത്തിലുള്ളതും മാര്‍ക്‌സും ഏംഗല്‍സും കൂടി രചിച്ചതുമായ മൂലധനത്തിന്റെ അനുബന്ധനമെന്ന നിലക്കാണ് പിന്നീട് പുറത്തുവന്നത്.

ബൂര്‍ഷ്വാ അര്‍ഥശാസ്ത്രകാരന്മാര്‍ അതേവരെ രചിച്ച എല്ലാ ഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്ത പുലര്‍ത്തുന്നുവെങ്കിലും അനന്തരകാല ബൂര്‍ഷ്വാ അര്‍ഥശാസ്ത്രകാരന്മാര്‍ പഠനാര്‍ഹമായി കരുതുന്ന ഒരു ഗ്രന്ഥമാണ് മൂലധനം. അവരുടെ വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമാണ് മാര്‍ക്‌സിന്റെ വീക്ഷണമെങ്കിലും അവര്‍ നടത്തുന്ന പഠനഗവേഷണങ്ങളുടെ മാതൃകയില്‍ രചിച്ച മാര്‍ക്‌സിന്റെ ഗ്രന്ഥം ബൂര്‍ഷ്വാ അര്‍ഥശാസ്ത്രകാരന്മാരുടെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റി. അവരില്‍ പലരും താന്താങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ച് മൂലധനത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. അവര്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ ഏംഗല്‍സും കൌതസ്‌കിയുമടക്കം മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ നിര്‍ബന്ധിക്കപ്പെട്ടു.

‘ഇതേവരെ ഉണ്ടായ ദാര്‍ശനിക ചിന്തകന്മാരെല്ലാം പ്രപഞ്ചത്തെ വിവിധ തരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തത്; നമ്മുടെ മുമ്പിലുള്ള യഥാര്‍ഥ പ്രശ്‌നം പ്രപഞ്ചത്തെ മാറ്റിമറിക്കലാണ്” എന്ന് മാര്‍ക്‌സ് തന്റെ ആദ്യകാല കൃതികളില്‍ ഒന്നില്‍ പ്രസ്താവിച്ചിരുന്നുവല്ലോ.. അതിന്റെ ഒരു രൂപമാണ് ബൂര്‍ഷ്വാ പണ്ഡിതന്മാരുടെ അര്‍ഥശാസ്ത്ര കൃതികളും മാര്‍ക്‌സിന്റെ മൂലധനവും തമ്മിലുള്ള വ്യത്യാസം. മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിന്റെ ചലനനിയമങ്ങള്‍ ഏവ എന്ന് ശാസ്ത്രീയമായി വിവരിക്കുകയാണ് ബൂര്‍ഷ്വാ അര്‍ഥശാസ്ത്രകാരന്മാര്‍ തങ്ങളുടെ കൃതികളിലൂടെ ചെയ്തത്. മാര്‍ക്‌സിന്റെ മൂലധനമാകട്ടെ, മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിന്റെ ചലനനിയമങ്ങള്‍ ഏവ എന്ന് വിശദീകരിക്കുന്നതിന്റെ ഭാഗമായി മുതലാളിത്തം അനിവാര്യമായി തകരുമെന്ന് ശാസ്ത്രീയമായി സ്ഥാപിക്കുന്നു. അതുകൊണ്ടാണ് മാര്‍ക്‌സിന്റെ മൂലധനം ‘തൊഴിലാളി വര്‍ഗത്തിന്റെ ബൈബിളാ”യി തീര്‍ന്നത്.

മൂന്ന് വാള്യമായിട്ടാണല്ലോ മൂലധനം പുറത്തുവന്നത്. അതില്‍ ഓരോന്നിന്റെയും വിഷയം ഓരോന്നാണ്. മുതലാളിത്തവ്യവസ്ഥയിലെ ഉല്‍പ്പാദനക്രമമാണ് ഒന്നാം വാള്യത്തില്‍. രണ്ടാം വാള്യത്തിലാകട്ടെ ഉല്‍പ്പാദനപ്രക്രിയ ഒരു വട്ടം പൂര്‍ത്തിയായിക്കഴിഞ്ഞ് അടുത്തവട്ടം തുടങ്ങാറാകുന്നതുവരെയുള്ള കാലത്തെ വിതരണത്തിന്റെയും വിനിമയത്തിന്റെയും വിശദാംശങ്ങള്‍ സംബന്ധിച്ച വസ്തുതതകള്‍ പരിശോധിക്കുന്നു. ഈ രണ്ട് വാള്യങ്ങളിലും കൂടി ഉല്‍പ്പാദനത്തിന്റെയും വിതരണവിനിമയങ്ങളുടെയും പ്രക്രിയ വിശദീകരിച്ചതിനുശേഷം മുതലാളിത്തവ്യവസ്ഥയെ ആകെ പരിശോധിക്കുകയാണ് മൂന്നാംവാള്യത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News