ശശികലയ്ക്ക് ഉളുപ്പുണ്ടോ? മൃത്യുഞ്ജയത്തിന് മറുപടി

സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല നടത്തിയ കൊലവിളിയെ ആദ്ധ്യാത്മിക തലത്തില്‍ വിമര്‍ശിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. മന്ത്രങ്ങളുടെ മാഹാത്മ്യത്തെയോ സത്തയെയോ തിരിച്ചറിയാതെ നടത്തിയ ജല്‍പ്പനമാണ് ശശികല നടത്തിയത്.

ഭാരതീയ ദര്‍ശനങ്ങളെപ്പോലും കൊലവിളിക്കായ് ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി പറയുന്നു. ‘മന്ത്രങ്ങള്‍ എന്ന ശബ്ദത്തിനു തന്നെ മനനം ചെയ്യേണ്ടത് എന്നാണ് അര്‍ത്ഥം. ഏത് മന്ത്രങ്ങള്‍ ആയാലും മറ്റൊരാളെ ഭയപ്പെടുത്താനോ ഏതെങ്കിലും തരത്തില്‍ ഭീതി ജനിപ്പിക്കാനോ ഉള്ളതല്ല. മൃത്യുഞ്ജയഹോമം എന്നത് മന്ത്രങ്ങളില്‍ ശ്രേഷ്ഠമായ ഒന്നാണ്. ആ മന്ത്രത്തിന്റെ താല്‍പ്പര്യം ഈ ലോകത്ത് എനിക്ക് എങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നുള്ളതിന്റെ ഉറപ്പാക്കലാണ്. ഞങ്ങള്‍ ഈ ലോകത്ത് നിന്നാണ് എല്ലാം സ്വീകരിക്കുന്നത്. ഈ ചുറ്റുപാടാണ് എനിക്ക് എല്ലാം തരുന്നത്.

ഈ ലോകവും ഞാനും തമ്മിലുള്ള ബന്ധം ഒരു പാകമായ ഫലം വള്ളിയില്‍ നിന്ന് അറ്റുപോകുന്നത് എങ്ങനെയാണോ അതുപോലെയായിരിക്കണം ഞാനും ഈ ലോകവുമായുള്ള ബന്ധം എന്നാണ്. നിസംഗതയാണ് മന്ത്രത്തിന്റെ താത്പര്യം. ഭാരതീയ ആദ്ധ്യാത്മികതയില്‍ സംഗത്തെയാണ് മൃത്യു എന്നുപറയുന്നത്. സംഗത്തില്‍ നിന്നുള്ള മോചനത്തെയാണ് അമൃതം എന്ന് പറയുന്നത്. നമുക്ക് എല്ലാത്തിനോടും സംഗമുണ്ട്. ഇങ്ങനെ നമുക്കുള്ള എല്ലാ സംഗങ്ങളില്‍ നിന്നും വിട്ട് വള്ളിയും ഫലവും പോലെ ലോകവും ഞാനും തമ്മിലുള്ള നിസംഗത സാദ്ധ്യമാക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് മൃത്യുഞ്ജയം.

ആര്‍ക്കെങ്കിലും നേര്‍ക്ക് കൊലവിളി നടത്താനോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കോ വേണ്ടി മന്ത്രത്തെ ഉപയോഗിക്കരുത്. ഇതൊന്നും തിരിച്ചറിയാതെ ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ചും ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും ശശികല സംസാരിക്കുന്നത് ലജ്ജാകരമാണ്. എഴുത്തുകാരും സാംസ്‌കാരിക നായകരും ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഋഷി തുല്യരാണ് ഇവര്‍ക്കെതിരെ തീതുപ്പുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നും സന്ദീപാനന്ദഗിരി സ്വാമി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News