
കൊച്ചി: ഐഎസ്ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മകളെയും ഭര്‍ത്താവിനെയും നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹൈക്കോടതിയെ സമീപിച്ചു.
തിരുവനന്തപുരത്ത് നിന്ന് കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിയും ഭര്‍ത്താവും ഇസ്ളാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയമുണ്ടെന്ന് പരാതിയില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ അവരുണ്ടെന്നാണ് സൂചന. അമേരിയ്ക്ക നിരന്തരം ബോംബാക്രമണം നടത്തുന്ന ഇവിടെ അവരുടെ ജീവന്‍ സുരക്ഷിതമല്ല. ഇവര്‍ക്കൊപ്പം അവരുടെ കുഞ്ഞുമുണ്ട്.മൂന്നുപേരെയും നാട്ടിലെത്തിച്ച് അവരുടെ ഇഷ്ടപ്രകാരം ജീവിയ്ക്കാന്‍ വഴിയൊരുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മണക്കാട് സ്വദേശിനി ബിന്ദു സമ്പത്താണ് കോടതിയിലെത്തിയത്.
ഇപ്പോള്‍ കേസ് അന്വേഷിയ്ക്കുന്ന എന്‍ഐഎയോട് ഇതേപ്പറ്റി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ എന്‍ഐഎയുടെ അധികാര പരിധിയില്‍ വരാത്ത ഒരു വിദേശ രാജ്യത്ത് കഴിയുന്ന ഇവരെ നാട്ടിലെത്തിയ്ക്കാനുള്ള പ്രയാസം എന്‍ഐഎ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാദം കേട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്‍ഐഎയോട് മറുപടി സമര്‍പ്പിയ്ക്കാന്‍ നിര്‍ദേശിയ്ക്കുകയായിരുന്നു. കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
മണക്കാട് സ്വദേശിനി ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയുമാണ് 2015 ല്‍കാണാതായത്. പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ നിമിഷ. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ട ബെക്സണ്‍ വിന്‍സെന്റിനൊപ്പമാണ് നിമിഷ പോയതെന്നാണ് മാതാവ് പറയുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ളീം മതം സ്വീകരിച്ച് ഈസ എന്ന പേര് സ്വീകരിച്ചിരുന്നു.
ഫാത്തിമ നിമിഷയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിനല്‍കിയപ്പോള്‍ മകള്‍ ബുര്‍ഖ ധരിച്ച് മതം മാറിയ നിലയിലായിരുന്നുവെന്ന് ബിന്ദു പറയുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ കോടതി അത് അംഗീകരിക്കുകയുമായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പാലക്കാട്ട്, യുവാവിന്റെ രണ്ടാനമ്മയുടെ ഒപ്പമാണ് താമസമെന്നും വ്യക്തമായിരുന്നു. ഈ യുവാവിന്റെ സഹോദരനും മതംമാറിയിരുന്നു. ഈ സഹോദരങ്ങളെ കാണാതായതായി അവരുടെ അച്ഛനും പരാതിപ്പെട്ടിരുന്നു.
ഫാത്തിമ നിമിഷ 2016 ജൂണ്‍ വരെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിനുശേഷം വിവരമൊന്നുമുണ്ടായിട്ടില്ല. ഒടുവില്‍ സംസാരിച്ചപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് യുവതി നല്‍കിയതെന്നും അമ്മ പറയുന്നു.
നേരത്തെ പാലക്കാട് സ്വദേശികളായ ഈസ, യഹ്യ, ഇവരുടെ ഭാര്യമാര്‍ അടക്കം 16 പേര്‍ രാജ്യംവിട്ടെന്ന് സൂചനയുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here