ക്യാന്‍സറിന് ചികിത്സിച്ച 9 വയസ്സുള്ള കുട്ടിയ്ക്ക് എയിഡ്‌സ് ബാധിച്ച സംഭവം; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം: ആര്‍.സി.സി യില്‍ രക്താര്‍ബുദ ചികിത്സയ്ക്ക് വിധേയയായ 9 വയസ്സുള്ള കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

ഉന്നത മെഡിക്കല്‍ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ഒരു കുട്ടിക്കാണ് ഈ ദുര്‍ഗതി സംഭവിച്ചത്.

രക്താര്‍ബുദ ചികിത്സയ്ക്കായി കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍.സി.സിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയ്ക്ക് നാല് തവണ കീമോ തൊറപ്പി നടത്തി.

ഇതിനിടയില്‍ കണ്ണിലെ അണുബാധയ്ക്കുള്ള ഓപ്പറേഷന് നടത്തിയ രക്ത പരിശോധനാ ഫലം യാദൃച്ഛികമായി കണ്ടപ്പോഴാണ് കുട്ടിയ്ക്ക് എയ്ഡ്‌സ് കൂടി ബാധിച്ചതായി അമ്മയ്ക്ക് ബോദ്ധ്യപ്പെട്ടത്.

ക്യാന്‍സര്‍ ചികിത്സയ്ക്ക് കുട്ടിയെ ആര്‍.സി.സിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയ്ക്ക് എയ്ഡ്‌സ് ബാധ ഉണ്ടായിരുന്നില്ല. അപ്പോഴത്തെ രക്തപരിശോധനാ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഇത് വ്യക്തമാണ്.

ഇത് എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്തണം. അര്‍ബുദ ചികിത്സയ്ക്ക് രാജ്യാന്തര തലത്തില്‍ തന്നെ പ്രശ്‌സ്തമായ ആര്‍.സി.സി പോലുള്ള ഒരു സ്ഥാപനത്തില്‍ ഇത്തരമൊരു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഗൗരവം വളരെ വലുതാണ്.

ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം

ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ് നടന്നിരിക്കുന്നത്. ഈ കുട്ടിയുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇനി ഒരിക്കലും ഇതാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News