രക്താര്‍ബുദം ബാധിച്ച് ചികിത്സ തേടിയ 9 വയസ്സുകാരിക്ക് എയിഡ്സ്;പൊലീസ് കേസെടുത്തു

തിരുവനന്തപുരം: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികില്‍സ തേടിയ ഒന്‍പത് വയസ്സുകാരിയ്ക്ക് രക്തം സ്വീകരിച്ചതിലൂടെ എയ്ഡ്സ് ബാധിച്ചതായി പരാതി.

സംഭവത്തില്‍ RCC അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിഷയത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.

അതേസമയം മാതാപിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍കോളേജ് പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ RCC ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ആലപ്പു‍ഴ–ഹരിപ്പാട് സ്വദേശികളായ ദമ്പതികളുടെ ഒന്‍പത് വയസ്സുള്ള രക്താര്‍ബുദം ബാധിച്ച മകള്‍ക്കാണ് RCC യില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എയ്ഡ്സ് ബാധ വന്നിരിക്കുന്നത്.

ക‍ഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് പെണ്‍കുട്ടിയ്ക്ക് രക്താര്‍ബുദം കണ്ടെത്തിയത്.മുതുകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിക്ക് ബ്ലെഡ് ക്യാന്‍സറാണെന്ന സംശയത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേരുകയായിരുന്നു.

തുടര്‍ന്ന് ആലപ്പു‍ഴ വണ്ടാനം മെഡിക്കല്‍കോളേജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചു.

അവിടത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് 1 നാണ് തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ പെണ്‍കുട്ടിയെ ചികില്‍സക്കായി മാതാപിതാക്കള്‍ കൊണ്ടുവന്നത്.

പിന്നേട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പെണ്‍കുട്ടിക്ക് 4 കീമോ തെറാപ്പി നടത്തി.ആദ്യ കീമോ തെറാപ്പി ചെയ്തശേഷം നടത്തിയ കുട്ടിയുടെ രക്തപരിശോധനയിലാണ് HIV അണുബാധ കണ്ടില്ല.പിന്നേട് നടത്തിയ പരിശോധനകളിലാണ് അണുബാധ കാണാനായത്.

കീമോ തെറാപ്പി നടത്തിയ സമയത്ത് നല്‍കിയ രക്തത്തിലൂടെയാണ് തന്‍റെ മകള്‍ക്ക് എയ്ഡ്സ് ബാധിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.നേരത്ത ഒരു സ്ഥലത്തുവച്ചും കുട്ടിക്ക് രക്തം സ്വീകരിക്കേണ്ടിവന്നിട്ടില്ല.

വിവരം ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ HIV പോസിറ്റീവിന്‍റെ കാര്യം അവരും സമ്മതിച്ചതായും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.കുട്ടിക്ക് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് വിശദമായ രക്തപരിശോധന നടത്തിയത്.

ആദ്യ പരിശോധനയില്‍ എയ്ഡ്സ് ബാധ കണ്ടതിനെ തുടര്‍ന്ന് എല്ലാത്തരം ടെസ്റ്റുകളും ആശുപത്രി അധികൃതര്‍ നടത്തി.ഇതിലെല്ലാം HIV പോസിറ്റീവ് സ്ഥരീകരിച്ചു.

അതേസമയം ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.കൂടാതെ സംഭവത്തില്‍ പ്രത്യേക സംഘത്തെ ഉപയോഗിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പൊലീസ് കേസെടുത്തു

എന്നാല്‍ വിഷയത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ RCC ഡയറക്ടറോട് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

അതേസമയം ബോണ്‍മാരോ പരിശോധനയുടെ മുന്നോടിയായി നടത്തിയ രക്തപരിശോധനയില്‍ HIV അണുബാധ കണ്ടെത്തിയിരുന്നില്ലെന്ന് RCC വിശദീകരിക്കുന്നു.

കീമോതെറാപ്പി ചികില്‍സയുടെ ഭാഗമായി മാര്‍ച്ച് മാസം 1 മുതല്‍ പെണ്‍കുട്ടിക്ക് 49 യൂണിറ്റ് രക്തഘടകങ്ങള്‍ നല്‍കിയിട്ടുണ്ട്.

25.8.2017 ല്‍ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എയ്ഡ്സ് അണുബാധ കണ്ടെത്താനായത്.

വിശദമായി പരിശോധന നടത്തി രോഗം സ്ഥീരീകരിച്ചശേഷം കുട്ടിയെ തുടര്‍ ചികില്‍സക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു.

ക്യാന്‍സര്‍ ചികില്‍സ RCC യില്‍ തന്നെ തുടരാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചുവെന്നും RCC അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് RCC സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News