വിശ്വാസത്തില്‍ വിഷം കലര്‍ത്തുന്നവര്‍

ചരിത്രത്തെയും മിത്തുകളെയും വളച്ചൊടിക്കുന്ന പ്രവണത സംഘപരിവാറിന്റെ കൂടപ്പിറപ്പാണ്. ബിജെപി അധികാരത്തിലെത്തുന്ന സന്ദര്‍ഭങ്ങളിലെല്ലാം വിദ്യാഭ്യാസപ്രക്രിയയില്‍ ഇടപെട്ട് ചരിത്രവസ്തുതകളെ വര്‍ഗീയവല്‍ക്കരിച്ച് തെറ്റായ ചരിത്രപാഠങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമം നടത്താറുണ്ട്.

ആ പതിവ് നരേന്ദ്ര മോഡി സര്‍ക്കാരും തെറ്റിച്ചില്ല. ചരിത്രഗവേഷണ കൌണ്‍സില്‍ പോലെയുള്ള സുപ്രധാന അക്കാദമിക സമിതികളുടെ നേതൃത്വത്തിലേക്ക് ആര്‍എസ്എസ് നേതാക്കളെ അവരോധിച്ചതിനു പിന്നില്‍ ഈ ഉദ്ദേശ്യം തന്നെയാണുണ്ടായിരുന്നത്.

ഐതിഹ്യങ്ങളെയും മിത്തുകളെയും ചരിത്രവും ശാസ്ത്രവുമാക്കാനും ശ്രമിക്കുന്നുണ്ട്. എന്നാലിപ്പോള്‍ ഐതിഹ്യങ്ങളെ ഹിന്ദുതീവ്രവാദത്തിന് അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ചരിത്രത്തില്‍ വസ്തുതകളും തെളിവുകളും നിലനില്‍ക്കവെ തന്നെ അവയെ വക്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തെളിവുകളില്ലാത്ത ഐതിഹ്യങ്ങളെ വളച്ചൊടിക്കാന്‍ എളുപ്പമായിരിക്കുമല്ലോ.

കേരളത്തിന്റെ ദേശീയാഘോഷമായ ഓണത്തെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശം അത്തരത്തിലൊരു വിഡ്ഢിത്തമാണ്. അതില്‍ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ മാത്രമല്ല, കേരളത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ഥ്യത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങളാണുള്ളത്.

വിവിധ മതവിശ്വാസങ്ങളുടെ ഭാഗമായ നിരവധി ഉത്സവം കേരളത്തിലുണ്ട്. അവയെല്ലാം ആഘോഷിക്കുന്ന നാടാണ് കേരളം. എന്നാല്‍, ഓണം മാത്രമാണ് നമ്മുടെ ദേശീയോത്സവമായി മാറിയത്. അതിനു കാരണം ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്.

പ്രജാക്ഷേമ തല്‍പ്പരനായിരുന്ന ഒരു ഭരണാധികാരിയുമായി ബന്ധപ്പെട്ടതാണ് ആ ഐതിഹ്യം. മഹാബലി എന്ന ആ ഭരണാധികാരി തന്റെ നാട്ടിലെ ജനങ്ങളെയാകെ ഒന്നായി കണ്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടില്‍ കള്ളവും ചതിയും ഉണ്ടായിരുന്നില്ല.

അഴിമതിയോ കുറ്റകൃത്യങ്ങളോ ഉണ്ടായിരുന്നില്ല. ദാരിദ്യ്രമോ രോഗപീഡകളോ ഉണ്ടായിരുന്നില്ല. ജാതിപരമോ വര്‍ഗപരമോ ആയ വിവേചനം ഉണ്ടായിരുന്നില്ല. അത്തരമൊരു നാടിനെയും സമൂഹത്തെയും കുറിച്ച് ജനങ്ങള്‍ക്കുള്ള പ്രതീക്ഷയുടെ പ്രതീകമാണ് ഓണം.

അസമത്വങ്ങള്‍ ഇല്ലാത്തൊരു കാലം മനുഷ്യര്‍ ആഗ്രഹിക്കുന്നുവെന്നതു കൊണ്ടാണ് ഓണം ദേശീയാഘോഷമായി മാറുന്നത്.

എന്നാല്‍, മഹത്തായ ഈ സങ്കല്‍പ്പത്തെ അപമാനിക്കുകയാണ് കുമ്മനം. ‘വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച മാവേലി’ എന്നാണ് അദ്ദേഹം മഹാബലിയെ വിശേഷിപ്പിക്കുന്നത്. വാമനജയന്തിയാണ് ഓണം എന്ന് പ്രചരിപ്പിക്കുന്ന അമിത് ഷായുടെ അനുയായികള്‍ ഇങ്ങനെ പറയുന്നതില്‍ അത്ഭുതമില്ല.

എന്നാല്‍, നൂറ്റാണ്ടുകളായി സമൂഹത്തില്‍ മനുഷ്യരെ ഒന്നാക്കിനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്ന മഹത്തായൊരു ഐതിഹ്യത്തെ പൂര്‍ണമായും വക്രീകരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയും മലയാളികളെ മുഴുവന്‍ അവഹേളിക്കലുമാണ്.

ഐതിഹ്യപ്രകാരം ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്‌ളാദന്റെ ചെറുമകനും വിരോചനന്റെ മകനുമായിരുന്ന മഹാബലി മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ഭരണനൈപുണ്യത്തില്‍ ദേവന്മാര്‍ അസ്വസ്ഥരായി.

എല്ലാ ക്ഷേമൈശ്വര്യവും നിലനില്‍ക്കുന്നൊരു സമൂഹം ദേവന്മാരെ അവഗണിക്കുമെന്ന് അവര്‍ ഭയന്നു. ദേവന്മാരുടെ സങ്കടം കണ്ട ദേവമാതാവായ അദിതി മഹാവിഷ്ണുവിന്റെ അടുത്തെത്തി പരിഹാരത്തിന് അപേക്ഷിച്ചെന്നും വിഷ്ണു വാമനാവതാരത്തില്‍ മഹാബലിയെ സമീപിച്ച് തപസ്സു ചെയ്യാന്‍ മൂന്നടി മണ്ണ് ആവശ്യപ്പെട്ടെന്നും ഐതിഹ്യം പറയുന്നു.

ദാനപ്രിയനായിരുന്ന മഹാബലി ബ്രാഹ്മണനായ വാമനന് എന്തും നല്‍കാന്‍ തയ്യാറായിരുന്നു. മഹാബലിയുടെ ഉപദേശകനായിരുന്ന ശുക്രാചാര്യന്‍ വാമനന്റെ തന്ത്രം മനസ്സിലാക്കി രാജാവിനെ ഉപദേശിച്ചെങ്കിലും വാക്കില്‍നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല.

മൂന്നടി സ്ഥലം അളന്നെടുത്തു കൊള്ളാന്‍ മഹാബലി പറഞ്ഞതോടെ വാമനന്‍ ഭീമാകാരനാകുകയും ഒന്നാമത്തെ അടിയായി ഭൂമിയും രണ്ടാമത്തെ അടിയായി ആകാശമാകെയും അളന്നെടുക്കുകയും ചെയ്തു.

മൂന്നാമത്തെ അടിക്കായി കാത്തുനിന്ന വാമനനു മുന്നിലേക്ക് തന്റെ ശിരസ്സ് കുനിച്ചുനല്‍കിയ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തന്റെ ഭക്തനില്‍ പ്രീതനായ വിഷ്ണു മഹാബലിക്ക് ഇഷ്ടമുള്ള വരം നല്‍കാന്‍ തയ്യാറായി.

വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാനുള്ള വരമാണ് മഹാബലി ചോദിച്ചത്. മഹാവിഷ്ണു അത് അനുവദിച്ചു. അതനുസരിച്ച് മാവേലി തന്റെ പ്രജകളെ കാണാനെത്തുന്ന സുദിനമാണ് തിരുവോണമെന്ന് മലയാളികള്‍ വിശ്വസിക്കുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസം

ഈ വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതാകട്ടെ, നിരുപദ്രവകരവും നന്മ നിറഞ്ഞതുമായ ഒരു വിശ്വാസമാണ്. ‘അവകള്‍ കിനാവുകളെന്നാം ശാസ്ത്രം/കളവുകളെന്നാം ലോകചരിത്രം/ ഇവയിലുമേറെ യഥാര്‍ഥം ഞങ്ങടെ/ഹൃദയനിമന്ത്രിത സുന്ദരതത്വം’ എന്ന് വൈലോപ്പിള്ളി എഴുതിയത് മഹത്തായ ഈ ഐതിഹ്യത്തെക്കുറിച്ചാണ്.

ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പിന്‍ബലമില്ലെങ്കിലും ഈ വിശ്വാസം മലയാളിക്ക് പ്രിയപ്പെട്ടതാണ് എന്നര്‍ഥം. ആ വിശ്വാസത്തില്‍ വിഷം കലര്‍ത്താനാണ് കുമ്മനം ശ്രമിക്കുന്നത്. മഹാബലി അഹങ്കാരിയായിരുന്നെന്ന വാദം അതിന്റെ ഭാഗമാണ്.

കേരളത്തെക്കുറിച്ച് അപമാനകരമായ അസത്യപ്രസ്താവങ്ങളും ഇക്കൂട്ടത്തില്‍ കുമ്മനം നടത്തുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗം മുന്‍പെങ്ങുമില്ലാത്തവിധം തകര്‍ച്ചയെ നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത് എന്നും ഭീതിജനകമായ സാമൂഹ്യ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ കേരളം ഇന്ന് സഞ്ചരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

അസംബന്ധജടിലമായ ഈ പ്രസ്താവന അര്‍ഹിക്കുന്നത് അവഗണനയാണ്. എന്നാലും കേരളീയരെയാകെ അപമാനിക്കുന്ന ഈ പ്രസ്താവനയോട് ചിലത് പറയാതെ വയ്യ.

ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓരോ നിമിഷവും നടക്കുന്ന നരഹത്യയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷങ്ങളും ദളിതരുമാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.

ദിവസവും 93 സ്ത്രീകള്‍ എന്ന കണക്കിന് ബലാത്സംഗം ചെയ്യപ്പെടുന്ന രാജ്യമാണ് കുമ്മനത്തിന്റെ പാര്‍ടിയായ ബിജെപി ഭരിക്കുന്ന ഇന്ത്യ. ഇവയോര്‍ത്ത് കുമ്മനത്തിന് അസ്വസ്ഥതയില്ല. അതേസമയം, ക്രമസമാധാനപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന കേരളത്തെക്കുറിച്ചാണ് കുമ്മനത്തിന് വേവലാതി.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സ്ഥിതി വിവരക്കണക്ക് പരിശോധിക്കുക. മാനവവികസനം, ക്രമസമാധാനം, അടിസ്ഥാന ഭൌതിക സാഹചര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം.

ആരോഗ്യകരമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അന്തരീക്ഷത്തെ തകര്‍ക്കലാണ് കുമ്മനത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തില്‍ വിജയിക്കാത്തതിന്റെ അമര്‍ഷമാണിതിനു പിന്നില്‍.

ഈ അമര്‍ഷം കാരണം അന്ധനായിരിക്കുന്നു കുമ്മനം. മത തീവ്രവാദവും രാഷ്ട്രീയ അസഹിഷ്ണുതയും കേരളത്തില്‍ കൊടികുത്തിവാഴുന്നു എന്നാണ് കുമ്മനം പറയുന്നത്. ഇന്ത്യയുടെ പൊതു അവസ്ഥയ്ക്കും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥയ്ക്കുമാണ് ഈ വിശേഷണം ചേരുക.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നത് ബിജെപിയാണല്ലോ. അതിന്റെ ഭാഗമായി ഇതര മതങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും മത തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്നു.

രാഷ്ട്രീയമായി അധികാരമുള്ളിടങ്ങളില്‍ ഭരണത്തെ ഇതിനുവേണ്ടി ഉപയോഗിക്കുന്നു. സംഘപരിവാര്‍ ലക്ഷ്യംവയ്ക്കുന്ന ഹിന്ദുരാഷ്ട്രത്തില്‍ ദളിതരുണ്ടാകില്ല. അവരെ കൊന്നൊടുക്കുകയാണ്.

ദളിതരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു. കുറ്റവാളികള്‍ക്കെതിരെ നിയമനടപടിയില്ല. കാരണം അത് സംഘപരിവാറിന്റെ അജന്‍ഡയാണ്. അത് നടപ്പാക്കുകയാണ് ബിജെപി സര്‍ക്കാരുകള്‍.

മതനിരപേക്ഷതയ്ക്കു മാതൃകയാണ് കേരളം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നുമുള്ള സന്ദേശം ശ്രീനാരായണഗുരുവിനാല്‍ പ്രചരിപ്പിക്കപ്പെട്ട നാടാണിത്.

ഇന്ത്യയുടെ ഭരണഘടനയില്‍ മതനിരപേക്ഷത എഴുതപ്പെടുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം മതനിരപേക്ഷതയെ പ്രാധാന്യത്തോടെ സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മുസ്‌ളിങ്ങളും ദളിതരും ആക്രമിക്കപ്പെടുമ്പോള്‍ കേരളത്തില്‍ മാത്രമാണ് സമാധാനത്തോടെ ജീവിക്കാനാകുന്നത് എന്ന് കാണണം.

അതിനു കാരണം കേരളസമൂഹം സ്വാംശീകരിച്ചിരിക്കുന്ന മതനിരപേക്ഷമൂല്യമാണ്.
രാജ്യത്ത് എഴുത്തുകാരും ബുദ്ധിജീവികളും കൊല്ലപ്പെടുകയാണ്. സംഘപരിവാറിന്റെ വിദ്വേഷം വളര്‍ത്തുന്നതും മതതീവ്രവാദപരവുമായ നയങ്ങളെ എതിര്‍ക്കുന്നതു കൊണ്ടാണ് അവര്‍ കൊല്ലപ്പെടുന്നത്.

ബംഗളൂരുവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഗൌരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തക കേരളത്തിന്റെ മതനിരപേക്ഷതയെ അഭിനന്ദിച്ചിരുന്നു. അതിനുശേഷമാണ് അവര്‍ കൊല്ലപ്പെടുന്നത്. അസഹിഷ്ണുത ആര്‍ക്കാണെന്നും എന്തിലാണെന്നും ഇതില്‍നിന്നെല്ലാം വ്യക്തമാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള താരതമ്യത്തിന് കുമ്മനം തയ്യാറാകണം. കെട്ടുകഥകള്‍ ആസ്പദമാക്കിയല്ല, വസ്തുതകളെയും സ്ഥിതിവിവരക്കണക്കുകളെയും ആസ്പദമാക്കിയാകണം ആ താരതമ്യം.

മാനവ വികസനസൂചകത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസം, ആഭ്യന്തര പ്രതിശീര്‍ഷ വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ യുഎന്‍ഡിപി പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടാണത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത് 11-ാം സ്ഥാനത്തും രാജസ്ഥാന്‍ 17-ാം സ്ഥാനത്തും ഉത്തര്‍പ്രദേശ് 18-ാം സ്ഥാനത്തുമാണ്. 188 രാഷ്ട്രങ്ങളുള്‍പ്പെടുന്ന റിപ്പോര്‍ട്ടില്‍ 133-ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ടിയുടെ നേതാവാണ് കുമ്മനം എന്നോര്‍ക്കണം.

സമ്പൂര്‍ണ സാക്ഷരത, രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണനിരക്ക്, ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് ഇതെല്ലാം കേരളത്തിന്റെ നേട്ടങ്ങളാണ്. ആ അര്‍ഥത്തില്‍ മാവേലിനാടാണ് കേരളം. ആ കേരളത്തെയും അത്തരമൊരു നാടാക്കി കേരളത്തെ നിലനിര്‍ത്തുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും വാമനാവതാരമായി ചവിട്ടിത്താഴ്ത്തണമെന്നാണ് കുമ്മനം ആഗ്രഹിക്കുന്നത്.

‘അന്നവും മണ്ണും വെള്ളവും സാധാരണക്കാരന് അന്യമാക്കി അത് മാഫിയകള്‍ക്ക് തീറെഴുതുന്നതില്‍ ഭരണാധികാരികള്‍ മത്സരിക്കുകയാണ്’ എന്ന് കുമ്മനം പറയുന്നുണ്ട്. ഇത് കേരളത്തിലെ ഭരണാധികാരികള്‍ക്കല്ല, ഇന്ത്യയുടെ ഭരണാധികാരികള്‍ക്കാണ് ചേരുക. രാജ്യമാകെ കര്‍ഷകര്‍ അസ്വസ്ഥരാണ്.

കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു. കര്‍ഷകര്‍ ആകമാനം സമരഭൂമിയിലാണ്. ബി ജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ സെപ്തംബര്‍ ഒന്നിന് ആരംഭിച്ച കര്‍ഷകപ്രക്ഷോഭം ശക്തമാകുകയാണ്. ട്രാക്ടറുകളും കാളവണ്ടികളുമായി കര്‍ഷകര്‍ തെരുവിലാണ്.

ഇന്ത്യന്‍ കാര്‍ഷികമേഖലയെ തകര്‍ക്കുകയും രാജ്യത്തെയും വിദേശത്തെയും കുത്തകകളെ വളര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ടിയുടെ നേതാവാണ് കേരളത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തെ കണ്ണുതുറന്നു കാണാന്‍ അദ്ദേഹം തയ്യാറാകണം. ഇന്ത്യയില്‍ ആദ്യമായി ഭൂപരിഷ്‌കരണം നടപ്പാക്കിയത് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.

മണ്ണിനെയും അന്നത്തെയും കുറിച്ച് വേവലാതിപ്പെടുന്ന കുമ്മനം ജന്മിമാരുടെ അധീനതയിലുള്ള ഭൂമി പാവപ്പെട്ടവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും ലഭ്യമാകുന്നവിധം രാജ്യത്ത് ഭൂപരിഷ്‌കരണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് പറയുമോ? അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഇപ്പോള്‍ രാജ്യത്താകമാനം അത് നടപ്പാക്കാമല്ലോ.

എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പ്രഖ്യാപിക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ അതില്‍ ബഹുദൂരം മുന്നോട്ടുപോകുകയും ചെയ്തു കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍.

ജന്മിമാരെയും മുതലാളിമാരെയും വിദേശകുത്തകകളെയും മാത്രം സഹായിക്കുകയും അവര്‍ക്കു വേണ്ടി ഭരണം നടത്തുകയും ചെയ്യുന്ന ബിജെപിക്ക് ഇന്ത്യയിലെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കാവുന്ന കേരളത്തെ വിമര്‍ശിച്ച് ഒരു വാക്കുച്ചരിക്കാന്‍ പോലും അര്‍ഹതയില്ല.

കേരളത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നു. രാജ്യത്താകമാനം ഉയരുന്ന മത തീവ്രവാദത്തിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസും ബിജെപിയും കേരളത്തിന്റെ മതനിരപേക്ഷതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

അതു വിജയിക്കുന്നില്ലെന്നതില്‍ അവര്‍ അസ്വസ്ഥരാണ്. അവരുടെ ഈ അസ്വസ്ഥതയ്ക്കിടയിലാണ് ഓണം കടന്നുവന്നത്. മതനിരപേക്ഷമായി കേരളീയര്‍ അത് ആഘോഷിക്കുന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. അതിന്റെ തെളിവാണ് കുമ്മനത്തിന്റെ പ്രതികരണം.

കേരളത്തിന്റെ നന്മകള്‍ അനുഭവിച്ചു ജീവിക്കുന്ന കേരളീയനായ കുമ്മനം അതിനു കൂട്ടുനില്‍ക്കുന്നത് സംഘപരിവാര്‍ സമീപനത്തിന്റെ ഭാഗമായാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here