നാദിര്‍ഷ ആലുവ പൊലീസ് ക്ലബില്‍; ചോദ്യം ചെയ്യല്‍ ആരംഭിച്ചു; നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളും പരിശോധിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ അന്വേഷണ സംഘം മുന്നില്‍ ഹാജരായി.് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ നാദിര്‍ഷയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് ആലുവ പൊലീസ് ക്ലബിലാണ് നാദിര്‍ഷ ഹാജരായത്. നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടും.

അതേ സമയം ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും. ദിലീപിനൊപ്പം 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന നാദിര്‍ഷ അന്ന് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പലതും കളവാണെന്ന് ബോധ്യപ്പെട്ടിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം നിലമ്പൂരിലെ റിസോര്‍ട്ടില്‍ താമസിച്ച നാദിര്‍ഷ പല പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയതായും കണ്ടെത്തിയിരുന്നു.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷവും നാദിര്‍ഷ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ചെന്ന് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.

ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന് അന്വേഷണ സംഘം ചോദിച്ചറിയും. നടിയെ ആക്രമിക്കുന്നതിനു മുന്‍പ് നാദിര്‍ഷ തനിയ്ക്ക് 25000 രൂപ നല്‍കിയിരുന്നുവെന്ന് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഇത് സംബന്ധിച്ചും നാദിര്‍ഷയ്ക്ക് അന്വേഷണ സംഘത്തോട് സത്യം പറയേണ്ടി വരും. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച ഹൈക്കോടതി ഈ മാസം 18 ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു.

അതിനാല്‍ നാദിര്‍ഷയെ ഇന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.കഴിഞ്ഞ ആറാം തിയ്യതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇതെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച നാദിര്‍ഷയെ ഇതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ പത്താം തിയ്യതിയാണ് നാദിര്‍ഷ ആശുപത്രി വിട്ടത്.

അതേ സമയം ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് തനിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. തനിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ദിലീപിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here