നാദിര്‍ഷയുടെ ദേഹാസ്വാസ്ഥ്യം തന്ത്രമോ? പൊലീസ് ക്ളബ്ബില്‍ സംഭവിച്ചത്

കൊച്ചി: ആലുവാ പോലീസ് ക്ലബ്ബില്‍ കൃത്യം പത്ത് മണിയോടെ ചോദ്യം ചെയ്യലിനെത്തിയ നാദിര്‍ഷ അന്വേഷണ സംഘത്തെ കണ്ടപ്പോള്‍ തന്നെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങി. ശരീരം വിയര്‍ക്കുന്നതായും വിറയല്‍അനുഭവപ്പെടുന്നതായും പറഞ്ഞു.

ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും കണ്ടെത്തി.

എന്നാല്‍ നാദിര്‍ഷയുടെ പൊടുന്നനെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ അത്രകണ്ട് വിശ്വാസത്തില്‍ എടുത്തിട്ടില്ല അന്വേഷണ സംഘം. അസുഖം ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രം മാത്രമെന്നാണ് ചില ഉദ്യോഗസ്ഥര്‍ കരുതുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ റിമാന്‍റ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കേസില്‍ ഉള്‍പ്പെട്ടവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

ദിലീപിന്‍റെ കസ്റ്റഡി കാലാവധി

ദിലീപിന്‍റെ കസ്റ്റഡി കാലാവധി 90 ദിവസം പിന്നിടാന്‍ ഇനി മൂന്നാ‍ഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ചോദ്യം ചെയ്യല്‍ എങ്ങനെയും മൂന്നാ‍ഴ്ചയോളം അസുഖത്തിന്‍റെ പേര് പറഞ്ഞ് വൈകിപ്പാനാണ് നാദിര്‍ഷയുടെ നീക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പതിനെട്ടാം തീയതി നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ അസുഖാവസ്ഥ ചൂണ്ടിക്കാട്ടാന്‍  നാദിര്‍ഷായുടെ അഭിഭാഷകരുടെ നീക്കം.

ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ള അടക്കം കൂട്ടായിചര്‍ച്ച ചെയ്തെടുത്ത നീക്കമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ഷുഗറിന്‍റെ അളവ് താ‍ഴ്ന്നു പോയ അവസ്ഥ പോലും ചില തിരക്കഥയുടെ ഭാഗമാണോയെന്നും സംശയിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

കാലതാമസം ഉണ്ടായാല്‍ നാദിര്‍ഷയെ ഒ‍ഴിവാക്കി കുറ്റപത്രം നല്‍കാനുള്ള സാദ്ധ്യതയും അന്വേഷണസംഘം തേടുന്നുണ്ട്. അങ്ങനെ വന്നാല്‍ വിചാരണഘട്ടത്തില്‍ തിരിച്ചടി നേരിടുമോയെന്ന ആശങ്കയും ഉണ്ട്.

എന്തായാലും വീണ്ടും ചോദ്യം ചെയ്യലിന് നാദിര്‍ഷായെ വിളിപ്പിക്കാനാണ് നീക്കം. അതേസമയം ആശുപത്രിയില്‍ തന്നെ തുടരാനുള്ള ആലോചനയും നാദിര്‍ഷയ്ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News