റയാന്‍ സ്‌കൂളിലെ കൊലപാതകം സി ബി ഐ അന്വേഷിക്കും

ദില്ലി: ഗുരുഗ്രാമിലെ റയാന്‍ ഇന്‍റർ നാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ അന്വേഷണം സി ബി ഐക്കു കൈമാറാൻ സർക്കാർ തീരുമാനിച്ചു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്.സ്‌കൂളിന്റെ ഗുരുഗ്രാം ശാഖയുടെ നടത്തിപ്പ് അടുത്ത മൂന്നുമാസത്തേക്ക് ഹരിയാന സ്‌കൂള്‍ ബോര്‍ഡ് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ നടത്തിപ്പ് കാര്യങ്ങളുടെ മേല്‍നോട്ടം ജില്ലാ കളക്ടര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചശേഷമായിരുന്നു പ്രഖ്യാപനം.

പിതാവിന്‍റെ പ്രതികരണം

സി ബി ഐയെ കേസ് അന്വേഷണം ഏല്‍പിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പ്രദ്യുമനന്‍റെ പിതാവ് പ്രതികരിച്ചു. സെപ്റ്റംബര്‍ എട്ടിനാണ് ഏ‍ഴുവയസുകാരൻ പ്രദ്യുമ്‌നനെ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സ്‌കൂള്‍ ബസ് ഡ്രൈവർ അശോക് കുമാർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. അതേസമയം കഴുത്തിലുണ്ടായ മുറിവില്‍ നിന്നുള്ള അമിത രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്.

കൊലപാതകത്തെ തുടർന്ന് വൻ ജനരോഷമുണ്ടായതിനെ തുടർന്നാണ് കേസ് സിബിെഎയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനും സംസ്ഥാനങ്ങൾക്കും സുപ്രിം കോടതി നോട്ടീസ് നൽകി.

രാജ്യത്തെ സ്കൂളുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് കോടതി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തോട് നിർദ്ദേശിച്ചു.

സ്കൂൾ ജീവനക്കാരുടെ ആരോഗ്യ മാനസീക സ്ഥിതി പരിശോധിക്കണമെന്ന് സിബിഎസ്സിയും സർക്കുലർ ഇറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here