തിരുവനന്തപുരം: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സെപ്റ്റംബര്‍ 20 ന് ഏരിയാ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തു.
ഒരു ലിറ്റര്‍ പെട്രോളിന് 55 ദിവസത്തിനിടെ വര്‍ദ്ധിച്ചത് 7.34 രൂപയാണ്. ഡീസലിന് 5.23 രൂപയും വര്‍ദ്ധിച്ചു. ജൂണ്‍ 16 മുതലാണ് പ്രതിദിനം വില നിശ്‌ചയിക്കാന്‍ എണ്ണക്കമ്പിനികള്‍ക്ക് അനുവാദം നല്‍കിയത്.
ഇതുമുതലാക്കി ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് പെട്രോള്‍ വില നിശ്‌ചയിക്കാനുള്ള അധികാരം എണ്ണ കമ്പിനികള്‍ക്ക് നല്‍കിയത്.
അന്ന് അതിനെ വിമര്‍ശിച്ച ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷമാണ് ഡീസലിന്റെ വില നിയന്ത്രണവും എണ്ണക്കമ്പിനികള്‍ക്ക് നല്‍കിയത്.
ക്രൂഡോയിലിന് കുറഞ്ഞ വില
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് കുറഞ്ഞ വില തുടരുമ്പോഴാണ് നമ്മുടെ രാജ്യത്ത് ദിനംപ്രതി പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്.
നരേന്ദ്രമോഡി അധികാരത്തില്‍ വന്ന 2014 മെയ് മാസത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 106.9 ഡോളറായിരുന്നു.
അന്ന് മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപയായിരുന്നു വില. എന്നാലിന്ന് ക്രൂഡോയില്‍ ബാരലിന് 49.2 ഡോളറാണ് വില. ഇന്ന് മുംബൈയില്‍ 79 രൂപ 50 പൈസയാണ് ഒരു ലിറ്ററിന്റെ വില.
ക്രൂഡോയിലിന്റെ വില പകുതിയിലേറെ കുറഞ്ഞിട്ടും പെട്രോള്‍ വില അതേപടി തുടരുകയാണ്.
ഇടയ്ക്കിടെ വില വര്‍ദ്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രതിഷേധം മറികടക്കാനാണ് എല്ലാ ദിവസവും ചെറിയ തുക വര്‍ദ്ധിപ്പിക്കുന്ന തന്ത്രം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.
എസ്സാര്‍ ഓയില്‍, റിലയന്‍സ് തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പിനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നയം നടപ്പാക്കുന്നത്. പാചകവാതക വിലയിലും ഈ രീതി പിന്തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ കടുത്ത ആഘാതമാണ് ഇത് സൃഷ്ടിക്കുന്നത്. എല്ലാതരം പെട്രോളിയം ഉത്പങ്ങളുടേയും സബ്‌സിഡി നിര്‍ത്തലാക്കിയ നടപടിയ്‌ക്കെതിരെ കടുത്ത ജനരോഷമാണ് ഉയര്‍ന്നിരുന്നത്.
ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണകമ്പിനികള്‍ക്ക് സൗകര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം.|
സെപ്റ്റംബര്‍ 20 ന് ഏരിയാ കേന്ദ്രങ്ങളിലെ പെട്രോള്‍ പമ്പുകളുടെ പരിസരത്തും പൊതുമേഖലാ എണ്ണക്കമ്പിനികളുടെ മുന്നിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് മുഴുവന്‍ ബഹുജനങ്ങളോടും, പാര്‍ടി ഘടകങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

Get real time update about this post categories directly on your device, subscribe now.