റോഹിങ്ക്യന്‍ അഭിയാര്‍ത്ഥി വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ദില്ലി: റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും.

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം അഭയാര്‍ത്ഥികള്‍ക്കും ബാധകമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടും.അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമെന്നാണ് കമ്മീഷന്റെ നിലപാട്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനെതിരായ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കേയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

സുരക്ഷ ഉറപ്പില്ലാത്ത ചുറ്റുപാടിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിക്കും.

ഇന്ത്യന്‍ ഭരണഘടനയുടെ 21 അനുഛേദം ഉറപ്പ് നല്‍കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തനുമുള്ള അവകാശം അഭയാര്‍ത്ഥികള്‍ക്കും ബാധകമാണ്

.ഈ മൗലികാവകാശം ഇന്ത്യന്‍ പൗരനായാലും അല്ലെങ്കിലും ഉറപ്പ് വരുത്തണമെന്ന മുന്‍ സുപ്രീം കോടതി ഉത്തരവുകളുടെ വിശദാംശങ്ങളും സത്യവാങ്മൂലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പരാമര്‍ശിക്കും.

ഇന്ത്യയുടെ പാരമ്പര്യം

റോഹ്യങ്ക്യന് മുസ്ലീം അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നോട്ടീസയച്ചിരുന്നു.നൂറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്.

അഭയാരാത്ഥികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ ഉടമ്പടികളില്‍ ഇന്ത്യ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിന് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടത്.

അതേ സമയം കേന്ദ്ര സര്‍ക്കാറും തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മുലം സമര്‍പ്പിക്കും.ഐക്യരാഷ്ട്ര സഭ രജിസ്‌ട്രേഷനോടെ ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ മുഹമ്മദ് സലീമുള്ള,സുഹമ്മദ് ഷാക്കീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിലപാട് ആരാഞ്ഞത്.

സുരക്ഷാ കാരങ്ങളാല്‍ ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel