‍വിവരക്കേട് വിളമ്പരുത്; കണ്ണന്താനത്തിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: പെട്രോളും ഡീസലും ഉപയോഗിക്കുന്നവരെല്ലാം സമ്പന്നരാണെന്നും അതിനാല്‍ മനപൂര്‍വ്വം തന്നെയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്നുമുള്ള കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ശുദ്ധ വിവരക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബീഫിന്റെ കാര്യത്തില്‍ ഇതേപോലൊരു വിവരക്കേട് അദ്ദേഹം പറഞ്ഞിട്ട് അധികം സമയമായില്ല. അത് വിവാദമായപ്പോള്‍ താന്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കണ്ണന്താനം ശ്രമിച്ചത്.

ഇന്ധന വില വര്‍ദ്ധിച്ചാല്‍ അത് വണ്ടിയുള്ളവരെ മാത്രമല്ല ബാധിക്കുന്നതെന്നറിയാന്‍ ഐ.എ.എസ് എടുക്കേണ്ട കാര്യമൊന്നുമില്ല.

ഇന്ധന വില വര്‍ദ്ധിച്ചല്‍ എല്ലാ സാധനങ്ങള്‍ക്കും വില കൂടുമെന്നും അത് സാധുക്കളെയും ദുരിതത്തിലാക്കുമെന്നും കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്.

പെട്രോള്‍ ഉപയോഗം

മാത്രമല്ല ഇന്ത്യയില്‍ ഇരു ചക്ര വാഹനക്കാരാണ് പെട്രോളിന്റെ 61.42 % ഉപയോഗിക്കുന്നതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പ്‌ളാനിംഗ് ആന്റ് അനാലിസിസ സൈല്ലിന്റെ പഠനത്തില്‍ പറയുന്നത്. കാറുകള്‍ 33% പെട്രോള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ഇന്ത്യയില്‍ പെട്രോളിന്റെ പേരില്‍ പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്. ലിറ്ററിന് 20 രൂപ മാത്രം വിലയുള്ള അസംസ്‌കൃത എണ്ണയാണ് ശുദ്ധീകരിച്ച് 74 രൂപയ്ക്ക് വില്‍ക്കുന്നത്.

53.3% നികുതിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന് മേല്‍ ചുമത്തിയിട്ടുള്ളത്.

പെട്രോളിയം വ്യവസായത്തിലുള്ള ഇഷ്ടക്കാരായ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭം നേടിക്കൊടുക്കുന്നതിന് കൂടിയാണ് കേന്ദ്രം ദിനം പ്രതി പെട്രോള്‍ വില കൂട്ടുന്നത്. അല്ലാതെ പാവങ്ങള്‍ക്ക് കക്കൂസുണ്ടാക്കാനല്ല.

മനപൂര്‍വ്വമാണ് അത് ചെയ്യുന്നതെന്ന് കണ്ണന്താനം സമ്മതിച്ചതോടെ കോര്‍പ്പറേറ്റുകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വെളിച്ചത്തായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here