നാദിര്‍ഷയ്ക്ക് പൊലീസിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം; സമയവും തിയതിയും അറിയിച്ചു

കൊച്ചി; നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് അന്വേഷണ സംഘം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയത്.

നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പുതിയ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആലുവ പൊലീസ് ക്ലബിലെത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാ‍ഴ്ച ഹൈക്കോടതി പരിഗണിക്കും. നാദിര്‍ഷയെ ചോദ്യം ചെയ്തത് സംബന്ധിച്ച് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അക്കാര്യത്തിന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

നേരത്തെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാ‍ഴാ‍ഴ്ച നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായിരുന്നു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാല്ലാത്തതിനാല്‍ ചോദ്യം ചെയ്യാന്‍ ക‍ഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടരിക്കുന്നത്.നാദിര്‍ഷയുടെ നേരത്തെ നല്‍കിയ മൊ‍ഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും.

ശാസ്ത്രീയ തെളിവുകളുടെയും മൊ‍ഴിയുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ദിലീപിന്‍റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കിയതായി പള്‍സര്‍ സുനിയുടെ മൊ‍ഴി സംബന്ധിച്ചും വിശദീകരണം തേടും. ആദ്യം വട്ട ചോദ്യം ചെയ്യലിന് ശേഷമുള്ള നാദിര്‍ഷയുടെ കൂടിക്കാ‍ഴ്ചകളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. ലഭിക്കുന്ന വിവരങ്ങള്‍ തിങ്കളാ‍ഴ്ച മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഹോക്കോടതിയെ ധരിപ്പിക്കും

അതേസമയം കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം.

ഉച്ചതിരിഞ്ഞ് 3 മണിക്കാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യമായിട്ടായിരുന്നു വാദം കേള്‍ക്കല്‍ നടപടി പുരോഗമിച്ചത്.

ഒന്നര മണിക്കൂര്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ നാലരയ്ക്ക് അവസാനിച്ചു. വിശദമായ വാദം കേട്ട ശേഷം കോടതി വിധി പറയാനായി മറ്റന്നാളത്തേയ്ക്ക് മാറ്റി.

കോടതി ആവശ്യപ്പെട്ട പ്രകാരം തെളിവുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കിയെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ അറിയിച്ചു.അതേ സമയം ജാമ്യാപേക്ഷയെക്കുറിച്ചോ വാദത്തെക്കുറിച്ചോ പ്രതികരിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള തയ്യാറായില്ല.

ദിലീപിന്‍റെ വാദം

നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷയില്‍ നിന്ന് വ്യത്യസ്തമായ വാദമുഖങ്ങളാണ് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഗൂഢാലോചന മാത്രമാണ് തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. 3 വര്‍ഷം വരെ മാത്രം തടവുശിക്ഷ ലഭിക്കാവുന്ന കേസില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് നിയമം.

എന്നാല്‍ 65 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട് എന്നാണ് ദിലീപിന്റെ വാദം.

എന്നാല്‍ നടിയെ പീഡിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് ദിലീപാണെന്ന് വ്യക്തമാക്കിയുള്ള പോലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി മറ്റന്നാള്‍ വിധി പറയുക.

കാവ്യയും കോടതിയില്‍

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള മുഖേനെയാണ് മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചത്.

അറസ്റ്റിന് സാധ്യതയെന്ന് കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. മുന്‍കൂര്‍ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.പള്‍സര്‍ സുനി കീഴടങ്ങുന്നതിന്റെ തലേ ദിവസം കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു .

കീഴടങ്ങുന്നതിന്റെ തലേ ദിവസം ലക്ഷ്യയില്‍ എത്തിയിരുന്നെന്നും ലക്ഷ്യയുടെ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിരുന്നെന്നുമാണ് വിവരങ്ങള്‍. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു.

സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് ദൃശ്യങ്ങള്‍
ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News