സംഘപരിവാര്‍ ഭീഷണി വര്‍ദ്ദിക്കുന്നു; എല്ലാ വിഭാഗം ജനങ്ങളും പ്രതിരോധക്കോട്ട ഉയര്‍ത്താന്‍ അണിനിരക്കണം; മുഖ്യമന്ത്രി പിണറായി

കോഴിക്കോട്: രാജ്യത്ത് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ എല്ലാവരുടെയും യോജിപ്പ് പ്രധാനമാണ്.

രാഷ്ട്രീയ കൂട്ടുകെട്ട് നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം കോഴിക്കോട്ട് സംഘടിപ്പിച്ച വര്‍ഗീയ ഫാസിസത്തിനെതിരായ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. അതിനാല്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് നയമല്ല. വര്‍ഗീയതക്കും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതും വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്‍പ്പ് നടത്തുന്നതും ഇടതുപക്ഷമാണ്.

അതിന്റെ പേരില്‍ സിപിഐ എം പ്രവര്‍ത്തകരും ഓഫീസുകളും ആക്രമണത്തിനിരയാകുന്നു. ബംഗാളില്‍ ഇടതുപക്ഷം ശക്തമായിരുന്നപ്പോള്‍ വര്‍ഗീയസംഘര്‍ഷങ്ങളില്ലായിരുന്നു. ഇപ്പോള്‍ ബംഗാള്‍ കലാപകലുഷിതമാണ്.

കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം

കേരളത്തിലെ ശാന്തമായ അന്തരീക്ഷത്തില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വ ഇടപെടല്‍ നടക്കുന്നു. കുഴപ്പങ്ങളുണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിനെതിരെ ജാഗ്രതവേണം.

ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ നീക്കം നടക്കുന്നു. പാര്‍ലമെന്ററി സംവിധാനത്തിന് പകരം പ്രസിഡന്‍ഷ്യല്‍ ഭരണരീതിയാണ് ആലോചിക്കുന്നത്.

ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കുന്നു. വിമര്‍ശിക്കുന്നവരെ തോക്കുകൊണ്ടും ഭീഷണികൊണ്ടും നിശ്ശബ്ദരാക്കുന്നു.

ദേശീയതയുടെ പ്രത്യേകതയായ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമം. മതനിരപേക്ഷത ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

സംഘപരിവാര്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നു. വര്‍ഗീയതയെ എതിര്‍ത്താല്‍ മാത്രമേ മതനിരപേക്ഷത ശക്തിപ്പെടുത്താനാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികെസി മമ്മദ് കോയ അധ്യക്ഷനായി. ഡോ. ഖദീജ മുംതാസ്, ഫാ. മാത്യൂസ് വാഴക്കുന്നം, ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിച്ചു. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

മന്ത്രി കെ ടി ജലീല്‍ വിഷയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അധ്യക്ഷനായി.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എസ് വിമല ഗൌരി ലങ്കേഷ് അനുസ്മരണം നടത്തി.

മുഖ്യധാര മാഗസിന്‍ പുതിയ പതിപ്പ് കോടിയേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. എം നൌഷാദ് എംഎല്‍എ ഏറ്റുവാങ്ങി. ഫാസിസ്റ്റ് വിരുദ്ധ വീഡിയോ സിഡി മന്ത്രി ടി പി രാമകൃഷ്ണന്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന് നല്‍കി പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News