ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ചെന്നൈ ക്രിക്കറ്റ് ലഹരിയില്‍

ചെന്നൈ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈയില്‍ തുടക്കം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ഓസീസ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കെത്തിയപ്പോള്‍ ഇരു ടീമും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

കളത്തിനകത്തും പുറത്തും വാഗ്വാദങ്ങളുണ്ടായി. ഏകദിന പരമ്പരയിലും ഇരുടീമും വാശിയിലാണ്.

ഓസീസിന്റെ നിലവിലെ പ്രകടനം മോശമാണ്. വിദേശമണ്ണില്‍ അവസാന എട്ട് കളിയിലും തോറ്റു. അവസാന ജയം കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു.

ബംഗ്ളാദേശിനോട് ടെസ്റ്റ്പരമ്പര സമനിലയില്‍ അവസാനിപ്പിച്ചാണ് ഓസീസ് എത്തുന്നത്. ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ സ്പിന്നര്‍മാര്‍തന്നെയാണ് ഓസീസിന് ഭീഷണി.

ഇന്ത്യ അവസാനം കളിച്ച 15 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ. നിലവില്‍ കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന സ്പിന്നര്‍മാര്‍ക്കാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. അതിനാല്‍ യുശ്വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ടീമില്‍ ഇടംനേടി.

പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം രവീന്ദ്ര ജഡേജ ടീമില്‍ ഇടം നേടി. പേസര്‍മാരില്‍ ഏകദിനത്തിലെ മികച്ച രണ്ടു പേരാണുള്ളത്. ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും.

ബാറ്റിങ്നിരയിലാണ് ഇന്ത്യക്ക് അല്‍പ്പം ആശങ്ക. ശിഖര്‍ ധവാനില്ല. പകരക്കാരനായി ഇന്നിങ്സ് ആരംഭിക്കേണ്ട അജിന്‍ക്യ രഹാനെ സ്ഥിരതയുള്ള ബാറ്റ്സ്മാനല്ല. മാത്രമല്ല രഹാനെയ്ക്ക് വേഗത്തില്‍ റണ്ണടിക്കുന്നതിലും പരിമിതിയുണ്ട്.

ടെസ്റ്റിലെ മികച്ച താരമായ രഹാനെയ്ക്ക് ഏകദിനത്തില്‍ തിളക്കമില്ല. മഹേന്ദ്ര സിങ് ധോണി ശ്രീലങ്കക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും പഴയ പ്രഭാവമില്ല.

ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ക്കൊന്നും മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമാണ് ബാറ്റിങ്നിരയില്‍ ഇന്ത്യയുടെ വിശ്വസ്തര്‍.

വാര്‍ണര്‍ ഓസീസ് കരുത്ത്

ഡേവിഡ് വാര്‍ണറാണ് ഓസീസ് കുന്തമുന. ഏഷ്യന്‍ സാഹചര്യത്തില്‍ മികച്ച രീതിയില്‍ ബാറ്റ്ചെയ്യാന്‍ വാര്‍ണര്‍ക്ക് കഴിയും. ബംഗ്ളാദേശിനെതിരെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റില്‍ വാര്‍ണര്‍ സെഞ്ചുറി നേടിയിരുന്നു.

പുത്തന്‍ പന്തില്‍ വേഗത്തില്‍ റണ്ണടിച്ചുകൂട്ടാന്‍ വാര്‍ണര്‍ക്ക് കഴിയും. സ്പിന്നര്‍മാരെ ഓസീസ് ഭയപ്പെടുന്നുണ്ട്. വാര്‍ണറും സ്മിത്തും ഒഴികെ സ്പിന്നിനെ നന്നായി കളിക്കാന്‍കഴിയുന്നവര്‍ ഓസീസ്നിരയില്‍ ഇല്ല.

ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ഇന്ന് കളിക്കില്ല. ട്രാവിസ് ഹെഡാകും വാര്‍ണര്‍ക്കൊപ്പം ഇന്നിങ്സ് ആരംഭിക്കുക. ഒരു സ്പിന്നറെ മാത്രമാകും ഓസീസ് ഉള്‍പ്പെടുത്തുക.

ബാറ്റ്സ്മാന്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതാണ് പിച്ച്. പഴകുന്തോറും ബാറ്റിങ് ദുഷ്കരമാകും. 264 ആണ് ഇവിടത്തെ ആദ്യ ഇന്നിങ്സ് ശരാശരി സ്കോര്‍. മഴയ്ക്കും സാധ്യതയുണ്ട്.

ടീം: ഇന്ത്യ- അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ/ലോകേഷ് രാഹുല്‍, കേദാര്‍ യാദവ്, മഹേന്ദ്ര സിങ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുശ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുമ്ര.

ഓസ്ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ളെന്‍ മാക്സ്വെല്‍, മാര്‍ക് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ജയിംസ് ഫോക്നര്‍, നതാന്‍ കോള്‍ട്ടര്‍ നീല്‍, പാറ്റ് കമ്മിന്‍സ്, ആദം സാമ്പ.

കുല്‍ദീപിനെ കളിക്കാന്‍ പ്രയാസം: സ്മിത്ത്

ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ഓസ്ട്രേലിയ കൂടുതല്‍ ഭയക്കുന്നത് ചൈനാമെന്‍ ബൌളര്‍ കുല്‍ദീപ് യാദവിനെ. ഇന്ത്യന്‍ നിരയില്‍ കളിക്കാന്‍ ബുദ്ധിമുട്ട് കുല്‍ദീപിനെ ആകുമെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് പറഞ്ഞു.

ടെസ്റ്റ്പരമ്പരയിലെ അവസാന മത്സരത്തില്‍ കുല്‍ദീപ് ഒന്നാം ഇന്നിങ്സില്‍ ഓസീസിന്റെ നാല് വിക്കറ്റെടുത്തിരുന്നു.

കുല്‍ദീപിന്റെ പന്തിന്റെ ഗതി മനസ്സിലാകാന്‍ പ്രയാസമാണ്. പക്ഷേ, ഞങ്ങള്‍ മികച്ച ഒരുക്കം നടത്തിയിട്ടുണ്ട്- സ്മിത്ത് വ്യക്തമാക്കി. കേരളതാരം കെ കെ ജിയാസാണ് ഓസീസിനുവേണ്ടി നെറ്റ്സില്‍ പന്തെറിഞ്ഞത്.

ചൈനാമെന്‍ ബൌളറായ ജിയാസിനെ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ കൂടുതല്‍ സമയം നേരിട്ടു. ജിയാസ് ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ്. ഓസീസ് ടീമിന്റെ സ്പിന്‍ വിദഗ്ധന്‍ ശ്രീധരന്‍ ശ്രീറാമും കളിക്കാരെ സഹായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News