മാഡ്രിഡ്: പകരക്കാരുടെ ഗോളില്‍ ഗെറ്റഫയെ 2-1ന് കീഴടക്കി ബാഴ്സലോണ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടര്‍ന്നു. പകരക്കാരനായെത്തിയ ബ്രസീലുകാരന്‍ പൌളീന്യോ 84-ാം മിനിറ്റില്‍ നേടിയ ഗോളിലായിരുന്നു ബാഴ്സയുടെ ജയം.

മറ്റൊരു പകരക്കാരന്‍താരം ഡെനിസ് സുവാരസാണ് ബാഴ്സയുടെ ആദ്യ ഗോള്‍ നേടിയത്. ഗെറ്റഫെയ്ക്ക് വേണ്ടി ഷിബസാക്കി ഗോളടിച്ചു. ബാഴ്സയ്ക്ക് അഞ്ച് കളിയില്‍12 പോയിന്റായി.

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ബാഴ്സ ഗെറ്റഫെയ്ക്ക് മുന്നില്‍ വിറച്ചു. സ്വന്തം തട്ടകത്തില്‍ ഗെറ്റഫെ ഉശിരന്‍ കളിയാണ് പുറത്തെടുത്തത്.

മെസിയും സുവാരസും തിളങ്ങിയില്ല

പ്രതിരോധം മികച്ചതായിരുന്നു. ലയണല്‍ മെസിക്കും ലൂയിസ് സുവാരസിനും നേരിയ പഴുതുപോലും അവര്‍ നല്‍കിയില്ല. ഇടയ്ക്ക് പ്രത്യാക്രമണം കൊണ്ട് ബാഴ്സ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

ബാഴ്സയ്ക്ക് ആദ്യംതന്നെ തിരിച്ചടി കിട്ടി. മുന്നേറ്റത്തില്‍ ഉസ്മാന്‍ ഡെംബെലെ പരിക്കുകാരണം പുറത്തുപോയി. ദ്യുലോഫ്യു ആണ് പകരമെത്തിയത്. ബാഴ്സയ്ക്ക് താളം കണ്ടെത്താനേ കഴിഞ്ഞില്ല.

ഇടവേളയ്ക്ക് ഒമ്പത് മിനിറ്റ് ശേഷിക്കെ മിന്നുന്നൊരു പ്രത്യാക്രമണത്തിലൂടെ ഗെറ്റഫെ ലീഡ് നേടി. ജപ്പാന്‍ താരം ഷിബസാക്കിയുടെ മനോഹരമായ ഷോട്ട് ബാഴ്സ ഗോളി മാര്‍ക് ആന്ദ്രേ ടെര്‍ സ്റ്റെയ്ഗനെ നിഷ്പ്രഭനാക്കി.

ഇടവേളയ്ക്കുശേഷം ബാഴ്സ ഇനിയേസ്റ്റയ്ക്ക് പകരം ഡെനിസ് സുവാരസിനെ കളത്തിലിറക്കി. 62-ാം മിനിറ്റില്‍ ഡെനിസ് സെര്‍ജിയോ റോബെര്‍ട്ടോയുടെ നീക്കത്തില്‍ ബാഴ്സയെ ഒപ്പമെത്തിച്ചു.

ബാഴ്സ ജയത്തിനായി ആഞ്ഞുശ്രമിച്ചു. റാകിടിച്ചിന് പകരമെത്തിയ പൌളീന്യോ ബാഴ്സയ്ക്ക് ജയമൊരുക്കി. മെസിയുടെ പാസില്‍നിന്നായിരുന്നു പൌളീന്യോയുടെ ഗോള്‍.

അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. റയല്‍ സോസിഡാഡാണ് ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്‍റെയും എതിരാളികള്‍.