മകന്‍ തന്നെപോലെ ആകരുതെന്നാണ് പ്രാര്‍ത്ഥന: സഞ്ജയ് ദത്ത്

ജീവിതം മയക്കുമരുന്നുകളുടെയും നിയമപ്രശ്നങ്ങളുടെയും കുരുക്കിലായി പോയ തനിക്ക് ഒരു അച്ഛനെന്ന നിലയില്‍ തന്റെ മകന്‍ തന്നെ പോലെയാകരുതെന്നാണ് പ്രാര്‍ത്ഥനയെന്ന് സഞ്ജയ് ദത്ത്.

ബോളിവുഡിലെ വിഖ്യാത താരങ്ങളായിരുന്ന സുനില്‍ ദത്തിന്റെയും നര്‍ഗീസിന്റെയും മകന്റെ ജീവിതം മയക്കുമരുന്നിനോടുള്ള അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാനും നിയമക്കുരുക്കിലുമെല്ലാമായുള്ള പോരാട്ടമായിരുന്നു.

1993ല്‍ 250 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ് ദത്ത് ജയില്‍വാസം അനുഷ്ഠിച്ചത്.

ഇന്ത്യ ടുഡേയുടെ മൈന്‍ഡ് റോക്സ് യൂത്ത് സമ്മിറ്റില്‍ അദ്ദേഹം തന്റെ ലഹരി വിമുക്തിയെക്കുറിച്ച് പറഞ്ഞു. പ്രശസ്തനായ പിതാവുമായി സ്വയം താരതമ്യം ചെയ്യുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനാണ് മൂന്ന് മക്കളുടെ പിതാവായ അദ്ദേഹം സ്വയംവിമര്‍ശനാത്മക മറുപടി നല്‍കിയത്.

ഷഹ്റാന്‍ എന്ന മകനും ത്രിഷാല, ഇഖ്ര എന്നീ പെണ്‍മക്കളുമാണ് സഞ്ജയ്ക്കുള്ളത്. ‘എന്റെ അച്ഛന്‍ ഞങ്ങളെ സാധാരണ കുട്ടികളായാണ് വളര്‍ത്തിയത്. എന്നെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ അയച്ചു.

ഞാന്‍ അവിടെയാണ് രൂപപ്പെട്ടത്. എന്റെ മക്കളെയും അങ്ങനെയാണ് വളര്‍ത്തുന്നത്. ജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. സംസ്‌കാരത്തെക്കുറിച്ചും വേലക്കാരാണെങ്കില്‍ പോലും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടതിനെക്കുറിച്ചും അവരെ പഠിപ്പിക്കുന്നുണ്ട്.

എന്നാല്‍ എന്റെ ഒരേയൊരു പ്രാര്‍ത്ഥന എന്റെ മകന്‍ എന്നെ പോലെ ആകരുതെന്നാണ്’. സഞ്ജയ് പറയുന്നു.ഒരു പിതാവെന്ന നിലയില്‍ തന്റെ അച്ഛന്‍ പോയ വഴികളിലൂടെ സഞ്ചരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സഞ്ജയ് ദത്ത് പറയുന്നു.

മുന്നാഭായ് എംബിബിഎസ് എന്ന ചിത്രത്തിലാണ് അച്ഛനും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. സുനില്‍ ദത്തിന്റെ മകനായിട്ടും താന്‍ എങ്ങനെ ജയിലിലെത്തിയെന്ന് ഒരിക്കല്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് സഞ്ജയ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here