കേരളത്തില്‍ മഴ ശക്തമായി തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളത്തില്‍ മഴ ശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. അട്ടപ്പാടിയില്‍ വെളളക്കെട്ടില്‍ വീണ് 9 വയസ്സുകാരി മരിച്ചു. അട്ടപ്പാടിയിലെ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പാലക്കാട് എറണാകുളം ഇടുക്കി കോഴിക്കോട് കൊല്ലം വയനാട് പത്തനംതിട്ട തൃശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

വടക്കന്‍ കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് മഴ കാര്യമായ നാശം വിതച്ചത്. അട്ടപ്പാടി ചുരത്തില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വാഹന ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

അഗളി പഞ്ചായത്തിലെ തൊട്ടിയാങ്കര, പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ല് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി പത്തിലേറെ വീടുകള്‍ തകര്‍ന്നു. അപകട ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ഇതിനകം മാറ്റി താമസിപ്പിച്ചു.

ഓടപ്പെട്ടിയില്‍ 9 വയസ്സുകാരി കക്കൂസ് നിര്‍മ്മിക്കാനായി പണിത കുഴിയിലെ വെളളത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച ആരംഭിച്ച മഴ ഇന്ന് ശക്തമായി തന്നെ തുടരുകയാണ്. കരിവെളളൂര്‍, പെരളം, ചീറ്റ എന്നിവിടങ്ങളില്‍ വലിയ തോതില്‍ കൃഷി നാശം ഉണ്ടായി.

കരിവെളളൂരില്‍ എ വി നാരായണിയുടെ വീട് തകര്‍ന്നു. പാനൂരില്‍ 18 ഏക്കറോളം നെല്‍കൃഷി നശിച്ചു. കണ്ണൂര്‍ നഗരത്തിലും വെളളം കയറി. പല ജില്ലകളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

വയനാട് ജില്ലയില്‍ 4 ഇടങ്ങലില്‍ കണ്‍ട്രോള്‍ റുമുകള്‍ തുറന്നു. കാരാ്പ്പുഴ, ബാണാസുര അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ജിവസങ്ങളില്‍ നല്ല മഴ ലഭിച്ച കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മഴ കുറവാണ്. തൃശൂരില്‍ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ നാശം വിതച്ചിട്ടില്ല. നിലമ്പൂര്‍ നാടുകാണി ചുരത്തിലും ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായി.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലാണ് മഴ ശക്തമായി തുടരുന്നത്. താഴ്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലായി. കോഴിക്കോട് നഗരത്തിലും വെളളക്കെട്ട് അനുഭവപ്പെടുന്നു.

ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്ത നിവാരണ സേനയ്ക്കും നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here