മ‍ഴക്കെടുതിയില്‍ കേരളം; സംസ്ഥാനത്താകെ 3 മരണം; ‍വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി; മ‍ഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനമെങ്ങുമുണ്ടായ കനത്തമഴയില്‍ വ്യാപക നാശനഷ്ടവും ഉരുള്‍പൊട്ടലും. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കക്കൂസ് കുഴിയില്‍വീണ് ബാലികയും കണ്ണൂര്‍ ജില്ലയില്‍ തെങ്ങുവീണ് ഒരാളും പാറമടയില്‍നിന്ന് കല്ല് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്.

നിരവധി വീടുകള്‍ തകര്‍ന്നു. നദികള്‍ കരകവിഞ്ഞു. ജലസംഭരണികള്‍ തുറന്നു. കോട്ടയത്തും തൃശൂരിലും ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം മുടങ്ങി.

റോഡിലേക്ക് മണ്ണിടിഞ്ഞ് പലയിടത്തും ഗതാഗതം നിലച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്നമേഖലകളിലെ വീടുകളില്‍ വെള്ളം കയറി.

അട്ടപ്പാടി, തട്ടേക്കാട്, മൂന്നാര്‍, ബൈസന്‍ബാലി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലായി. രണ്ടുദിവസം കൂടി മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കടലാക്രമണവും രൂക്ഷമായി. ജില്ലാ കലക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനും കോട്ടപ്പുറത്തിനുമിടയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മണ്ണിടിഞ്ഞത്. റെയില്‍വേയും അഗ്നിശമനസേനയും മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.

കോട്ടയം ചിങ്ങവനത്ത് മതിലിടിഞ്ഞതിനെ തുടര്‍ന്ന് വലിയ കല്ലുകള്‍ വീണ ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോയെങ്കിലും വന്‍ ദുരന്തം ഒഴിവായി. ഗുരുവായൂര്‍-എടമണ്‍ പാസഞ്ചറാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. പൂവന്‍തുരുത്ത് പാലത്തോടുചേര്‍ന്ന ഭാഗം ഞായറാഴ്ച രാവിലെ പത്തോടെയാണ് ഇടിഞ്ഞുവീണത്. രണ്ടു മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു.

പാലക്കാട് ഓടപ്പെട്ടി ഊരില്‍ രംഗന്റെയും വള്ളിയുടെയും മകള്‍ ആതിര(7)യാണ് വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

കണ്ണൂര്‍ ജില്ലയില്‍ തെങ്ങുവീണ് ചെറുകുന്ന് മടക്കര ഓട്ടക്കണ്ണന്‍ മുഹമ്മദുകുഞ്ഞി(67)യും പാനൂര്‍ കല്ലുവളപ്പില്‍ പുവ്വത്തിന്‍ കീഴില്‍ പാറമടയില്‍നിന്ന് കല്ല് തലയില്‍ വീണ് കര്‍ണാടക ജാഗിരി സ്വദേശി ക്രിസ്തുരാജു(20)മാണ് മരിച്ചത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി നിരവധി വീടുകള്‍ തകര്‍ന്നു. നാലോളം ഊരുകള്‍ ഒറ്റപ്പെട്ടു. മണ്ണാര്‍ക്കാട്- ആനക്കട്ടി ചുരം റോഡില്‍ മലയിടിഞ്ഞു ഗതാഗതം നിലച്ചു.

മൂന്നാറില്‍ കൊച്ചി-മധുര ദേശീയപാതയിലും ബൈസണ്‍വാലി മുത്തന്‍മുടിയിലും ഉരുള്‍പൊട്ടി. ആളപായമില്ല. മൂന്നാറില്‍ ഉരുള്‍പൊട്ടലില്‍ ഒരു വാഹനം ഒലിച്ചുപോയി. മറ്റൊരു വാഹനം രണ്ടാംമൈലില്‍ മണ്ണിനടിയില്‍പ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു.

മൂന്നാറില്‍ നിന്ന് അടിമാലിയിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായി നിലച്ചു. വെള്ളത്തൂവലില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് അടിമാലി – രാജാക്കാട് റോഡിലും ഗതാഗതം തടസപ്പെട്ടു.

കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലായി. ഹരിപ്പാട്ട് 23 വീടുകള്‍ തകര്‍ന്നു. കൊല്ലം ജില്ലയില്‍ 19 വീടുകള്‍ തകര്‍ന്നു. എറണാകുളം ജില്ലയിലെ തോപ്പുംപടിയില്‍നിന്ന് മീന്‍പിടിക്കാന്‍പോയ ബോട്ട് മുങ്ങി.

10 തൊഴിലാളികളെയും മറ്റൊരു ബോട്ട് രക്ഷിച്ചു. കോതമംഗലം തട്ടേക്കാടിനടുത്ത് ഞായപ്പിള്ളിയില്‍ ഉരുള്‍പൊട്ടി. 10 വീടുകള്‍ ഒറ്റപ്പെട്ടു.

കോട്ടയം ജില്ലയില്‍ കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ് കനത്തമഴ. കുമരകം, കുറവിലങ്ങാട് ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പത്തനംതിട്ടയില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 50 ശതമാനമായി. ഞായറാഴ്ച 2356.10 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125 അടിയായി. കോഴിക്കോടും വയനാട്ടിലും മഴ ശക്തമായി തുടരുന്നു.

വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി; പരീക്ഷകളും മാറ്റി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച അവധി നല്‍കി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണിത്.

തിങ്കളാഴ്ചത്തെ വിവിധ സര്‍വകലാശാലാപരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അങ്കണവാടികള്‍ക്കും അവധിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News