അര്‍ധ സെഞ്ചുറിയില്‍ ധോണിക്ക് സെഞ്ചുറി; ഇന്ത്യന്‍ വിജയത്തിന് മധുരം കൂടും

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 26 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് 137 റണ്‍സ് എടുക്കാനേ സാധിച്ചൊള്ളു.

ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ അമ്പതോവറില്‍ ഏഴിന് 281 റണ്ണാണ് എടുത്തത്. മഴയെത്തുടര്‍ന്ന് ഓസീസിന്റെ ലക്ഷ്യം 21 ഓവറില്‍ 164 റണ്ണായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ഇന്ത്യന്‍ സ്കോര്‍ പിന്തുടര്‍ന്ന് ക്രീസിലെത്തിയ ഓസീസിന് തുടക്കം തന്നെ തിരിച്ചടി കിട്ടി. ഒരു റണ്ണെടുത്ത ഓപ്പണര്‍ ഹില്‍ട്ടണ്‍ കാറ്റ് റെറ്റിനെ നഷ്ടമായി. ബുംറ ക്ളീന്‍ ബൌള്‍ഡാക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ സ്റ്റീവ് സ്മിത്തിനെ ഹാര്‍ദിക്ക് പണ്ഡ്യയും മടക്കിയതോടെ ഓസ്ട്രിേലയ അപകടം മണത്തു.

ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു

15 ന് ഒന്ന് നിലയില്‍ നിന്ന് 35 ന് 4 എന്ന സ്ഥിതിയിലേക്ക് ഓസീസ് പതിക്കുകയായിരുന്നു. കൂറ്റന്‍ അടികളുമായി ഗ്ളൈന്‍ മാക്സ്വെല്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഒരറ്റത്ത് വിക്കറ്റുകള്‍ മുറക്ക് വീണു.

ഇന്ത്യക്ക് വേണ്ടി ചൌഹാല്‍ മൂന്നും, കുല്‍ദീപ് യാദവും, ഹാര്‍ദിക്ക് പാണ്ഡ്യയും രണ്ടും വിക്കറ്റ് നേടി.

ധോണിക്ക് സെഞ്ചുറി

തുടക്കം തകര്‍ന്ന ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ (66 പന്തില്‍ 83), മഹേന്ദ്ര സിങ് ധോണി (88 പന്തില്‍ 79) എന്നിവരുടെ ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ 100 അര്‍ധസെഞ്ചുറി നേടുന്ന നാലാമത്തെ കളിക്കാരന്‍ എന്ന ഖ്യാതി ധോണിക്ക് സ്വന്തമായി. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവരാണ് ഇക്കാര്യത്തിലെ മുന്‍ഗാമികള്‍.

അഞ്ചിന് 87 റണ്ണെന്നനിലയില്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ ആറാം വിക്കറ്റില്‍ 118 റണ്ണടിച്ച് പാണ്ഡ്യയും ധോണിയും ചേര്‍ന്ന് കരകയറ്റി.

കേദാര്‍ ജാദവ് (54 പന്തില്‍ 40), ഭുവനേശ്വര്‍കുമാര്‍ (30 പന്തില്‍ 32*) എന്നിവരാണ് ഇന്ത്യന്‍നിരയിലെ മറ്റ് റണ്‍നേട്ടക്കാര്‍.

ഓസീസിനുവേണ്ടി പേസര്‍ നതാന്‍ കൂട്ടര്‍ നൈല്‍ മൂന്ന് വിക്കറ്റെടുത്തു. മാര്‍കസ് സ്റ്റോയിനിസ് രണ്ടെണ്ണം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here