ഉന്നത വിദ്യാഭ്യാസത്തിന് അപായമണി മു‍ഴങ്ങുന്നു

വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം വലിയ തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കപ്പെടുത്തുന്നതാണ്. ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ഫണ്ടുവിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെമാത്രമല്ല, മറിച്ച് വെറുപ്പിന്റെയും സംശയത്തിന്റെയും പ്രത്യയശാസ്ത്ര സെന്‍സര്‍ഷിപ്പിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുംകൂടിയാണ് സര്‍ക്കാര്‍ സ്വാതന്ത്യ്രചിന്തയെയും ഗവേഷണങ്ങളെയും ശ്വാസംമുട്ടിക്കുന്നത്.

എഴുത്തുകാര്‍, ബുദ്ധിജീവികള്‍, കലോപാസകര്‍ മുതലായവരെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍നിന്ന് ഭീഷണിപ്പെടുത്തി തടയുന്ന സര്‍ക്കാരിന്റെയും അതിന്റെ പിണിയാളുകളുടെയും രീതിയെ ഭീതിയോടെ വേണം കാണാന്‍.

ചരിത്രത്തിലും ശാസ്ത്രവിഷയത്തിലുമെല്ലാം അശാസ്ത്രീയപരമായ കെട്ടുകഥകളും വ്യാഖ്യാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു.

പല വിഷയങ്ങളുടെയും പാഠ്യപദ്ധതികള്‍ സര്‍ക്കാരിന്റെ ആശയസംഹിതയ്ക്കനുസരിച്ച് തിരുത്തുന്നു. ആവിഷ്കാര- സഞ്ചാര സ്വാതന്ത്യ്രങ്ങള്‍ ധ്വംസിക്കപ്പെടുകയാണ്.

ഭീതിയുടെയും ആശങ്കയുടേതുമായ അന്തരീക്ഷം സമൂഹത്തിന്റെ എല്ലാ തുറകളെയും ബാധിച്ചു. ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ന്യൂനപക്ഷങ്ങളും ദളിതുകളും ഇന്ന് അപായമുനയിലാണ്.

ഹീര, ഹീഫ തുടങ്ങിയ സ്ഥാപനങ്ങളാല്‍ നിലവിലുള്ള സമുന്നതസ്ഥാപനങ്ങളായ യുജിസി, എഐസിടിഇ മുതലായവയെ പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍നീക്കം അധ്യാപകരെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

അമിതമായ ഉദ്യോഗസ്ഥവല്‍ക്കരണത്തിനും കേന്ദ്രീകരണത്തിനും വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനുമാകും ഇത് വഴിവയ്ക്കുക. ഇത്തരം നീക്കങ്ങളെ തുടക്കത്തില്‍തന്നെ എതിര്‍ക്കുകയും തകിടംമറിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

മറ്റൊരു അപകടകരമായ നീക്കം അടുത്തിടെ പ്രസിദ്ധീകരിച്ച സര്‍വകലാശാലകള്‍ക്ക് ഘട്ടംഘട്ടമായി സ്വയംഭരണം അനുവദിക്കുന്ന യുജിസി മാര്‍ഗനിര്‍ദേശങ്ങളാണ്.

ഈ നീക്കം സാമൂഹ്യ സാമ്പത്തിക വൈജാത്യത്തില്‍നിന്നുണ്ടാകുന്ന തടസ്സങ്ങളെയും മുന്‍വിധികളെയും തരണംചെയ്ത് ഉന്നതവിദ്യാഭ്യാസം നേടാനുള്ള പൌരന്റെ മൌലികാവകാശത്തെ ധ്വംസിക്കുന്നു.

സര്‍വകലാശാലകളെ തരംതിരിക്കുന്ന ആശയം, സ്വാശ്രയ ധനശേഖരണത്തിനും ധനസമാഹരണത്തിനുമായി കുത്തകമുതലാളിയുമായുള്ള കൂട്ടുകെട്ടിനും ഊന്നല്‍ കൊടുക്കുന്നു.

വലുതും വിഭിന്നവുമായ ഭാരതത്തിലെ വിദ്യാര്‍ഥിസമൂഹത്തിനിടയില്‍ അര്‍ഹതയുടെയും ശ്രേഷ്ഠതയുടെയും പേരിലല്ലാതെ സാമൂഹ്യ-സാമ്പത്തിക നിലയുടെ പേരില്‍ വലിയ ഭിന്നതകള്‍ സൃഷ്ടിക്കാനേ ഇത്തരം നീക്കങ്ങള്‍ ഉതകൂ.

ഇന്ത്യയിലിന്ന് നിലനില്‍ക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ച് പകരം വലിയൊരു ജനവിഭാഗത്തെ വിദ്യാഭ്യാസത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഒരു മുതലാളിത്ത നവലിബറല്‍ നയം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നതിന്റെ കൃത്യമായ സൂചനകള്‍തന്നെയാണ് ഇവയെല്ലാം.

തന്നെയുമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറന്ന ചിന്തയ്ക്കും മേലുള്ള വര്‍ധിച്ചുവരുന്ന കൈയേറ്റങ്ങള്‍ ബുദ്ധിജീവികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ കടുത്ത നിസ്സഹായാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

അധ്യാപകരുടെ പ്രശ്നങ്ങള്‍

സര്‍വകലാശാല-കോളേജ് അധ്യാപകര്‍ക്ക് തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ഇപ്പോഴും ദൂരത്താണ്. ഗവേഷണങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജനം ലഭിക്കാതിരിക്കുക, ദിനംപ്രതി കഠിനമാക്കപ്പെടുന്ന ഉദ്യോഗ-സ്ഥാനക്കയറ്റ ചട്ടങ്ങള്‍മൂലം ഉദ്യോഗക്കയറ്റം തുലാസിലാവുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് അധ്യാപകര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്.

തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും താല്‍ക്കാലിക/കരാറടിസ്ഥാന/അതിഥി അധ്യാപകരുടെ ശമ്പളം സ്ഥിരപ്പെടുത്തുകയോ ജോലി ഉറപ്പാക്കുകയോ ചെയ്യാതെ കോളേജുകളിലെ ഭൂരിഭാഗം ജോലിഭാരവും തലയിലേന്തുന്ന ഈ വിഭാഗത്തെ ചൂഷണത്തിന് വിധേയരാക്കുകയാണ് സര്‍ക്കാര്‍.

ഇത്തരം അധ്യാപകരെ സ്ഥിരപ്പെടുത്തുകയും അവരുടെ ശമ്പളവും ഉദ്യോഗവ്യവസ്ഥകളും നിജപ്പെടുത്തുകയും ചെയ്യണമെന്ന് ഐഫക്ടോ (ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍) ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍, അധ്യാപകസമൂഹത്തിന്റെ നിലപാടുകളെ തഴയുകയും പ്രാഥമികപ്രശ്നങ്ങളെ അംഗീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഏഴാം ശമ്പളകമീഷന്റെ നടപ്പാക്കലിനെ സംബന്ധിച്ച വിഷയങ്ങളില്‍ ഐഫക്ടോയെ ഇരുട്ടിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പുനരവലോകനം ചെയ്യുന്നതിനായി ഐഫക്ടോയ്ക്കോ മറ്റ് അധ്യാപകസംഘടനകള്‍ക്കോ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയിട്ടില്ല. മുമ്പൊരിക്കലും ഉണ്ടാകാത്തതരത്തിലുള്ള പെരുമാറ്റമാണ് യുജിസിയും കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയവും ഇവിടെ പുറത്തെടുത്തതെന്ന് പറയാതെ വയ്യ.

2017 ഫെബ്രുവരി 22ന് കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അധ്യാപകസംഘടനകളുടെ അഭിപ്രായമാരായാതെ നേരിട്ട് ഒരു ഉന്നതതല കമ്മിറ്റിക്ക് കൈമാറി.

അധ്യാപകരെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളില്‍ ഐഫക്ടോയെ വിശ്വാസത്തിലെടുക്കാതെ തെല്ലും സുതാര്യമല്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ, ശുപാര്‍ശകളുടെ ചില ഭാഗങ്ങള്‍ തുടരെത്തുടരെ പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് പരിഭ്രമജനകമായ ഒരു അവസ്ഥയാണ്. ഇത് റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവത്തിനുമേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു.

ഏകാധിപത്യപരവും ജനവിരുദ്ധവുമായ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അധ്യാപകസമൂഹം ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയെത്തന്നെ ഭീഷണിപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിഘടനീയ പിന്തിരിപ്പന്‍നയങ്ങള്‍ക്കെതിരെ അധ്യാപകര്‍ ശബ്ദിക്കേണ്ടിയിരിക്കുന്നു.

പരിഷ്കരണം എന്ന പേരില്‍ അമിതകേന്ദ്രീകരണത്തിലൂടെയും ഉന്നതവിദ്യാഭ്യാസം കുത്തക മൂലധനത്തിന് ആദായകരമായ നിക്ഷേപസാധ്യത ഉണ്ടാക്കുന്നതിലൂടെയും ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വാതന്ത്യ്രത്തെ ഇല്ലാതാക്കാനുള്ള പ്രകടമായ ശ്രമങ്ങളാണ് നടക്കുന്നത്.

രാജ്യത്തെ വലിയ ഉച്ചനീചത്വങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് മനസ്സാക്ഷിയുള്ള ആര്‍ക്കും ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.

സെപ്തംബര്‍ അഞ്ചിന് രാജ്യത്തെ മുഴുവന്‍ സര്‍വകലാശാല കലാലയ അധ്യാപകസമൂഹം ഒരു പ്രതിഷേധത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. ഇതൊരു തൊഴില്‍സമരമല്ല. മറിച്ച്, ആശയപ്രകാശനത്തിന്റെയും സംശയനിവാരണത്തിന്റെയും പുരോഗമനപാത തുറക്കാനുള്ള ചെറുത്തുനില്‍പ്പിന്റെയും സംവാദത്തിന്റെയും തുടക്കമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News