
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കാവ്യാ മാധവന് ആശ്വാസം. ദിലീപിന്റെ ഭാര്യയായ കാവ്യയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണം നടക്കുന്നു
അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ കാവ്യയെ പ്രതി ചേര്‍ക്കേണ്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.കാവ്യയുടെ മുന്‍ജാമ്യാപേക്ഷയിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കുക.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും നിര്‍ണായകമായ ദിവസമാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട് ജയിലിലായ നടന്‍ ദിലീപ്, ഭാര്യ കാവ്യമാധവന്‍, ഇവരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരുടെ ഹര്‍ജികളില്‍ ഇന്ന് കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിലീപ്
രണ്ട് മാസത്തിലേറയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ശനിയാഴ്ചയാണ് പൂര്‍ത്തിയായത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി 28 വരെ നീട്ടിയിട്ടുണ്ട്.
കാവ്യയും നാദിര്‍ഷയും
ദിലീപ് ജാമ്യം തേടുമ്പോള്‍ കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യം തേടിയാണ് കോടതി കയറിയത്. കാവ്യ കഴിഞ്ഞ ദിവസമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയിട്ടുള്ളത്. കാവ്യയുടെ ഹര്‍ജി ഇന്ന് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി അറസ്റ്റ് പാടില്ലെന്ന നിര്‍ദേശം പൊലീസിനും നല്‍കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here