
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ തെളിവുകള്‍ അങ്കമാലി കോടതിയിലാണ് പൊലീസ് നിരത്തിയത്.
ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു.
ദിലീപിന്‍റെ വാദങ്ങള്‍
സംഭവം നടന്ന ദിവസം തനിക്ക് പനിയായിരുന്നു. അന്നേ ദിവസം വീട്ടില്‍ വിശ്രമത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
എന്നാല്‍ ഇന്ന് കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന്റെ കാരാഗൃഹവാസം ഉറപ്പാക്കുന്നതാണ്.
രമ്യയുടെ ലാന്‍ഡ് ഫോണില്‍ വന്ന കോള്‍
സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് സമര്‍പ്പിച്ചു.
പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു.
പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു.
രമ്യയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ആക്രമണം
ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്.
ദിലീപിന്‍റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്.
തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. ദിലീപ് കിംഗ് ലയറാണെന്ന തെളിവുകള്‍ വ്യക്തമാക്കിയതോടെ ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here