
മലപ്പുറം: വേങ്ങരയില്‍ നിന്ന് മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി തീരുമാനിച്ചപ്പോള്‍ മുതല്‍ മുസ്ലിംലീഗില്‍ പകരക്കാരനാരെന്ന ചോദ്യം ഉയര്‍ന്നിരുന്നു. കെ പി എ മജീദ് മുതല്‍ യുവനേതാക്കള്‍ വരെ സാധ്യതാ പട്ടികയില്‍ ഇടം നേടി.
മത്സരിക്കാനില്ലെന്ന് മജീദ്
മജീദും അഡ്വ.യു.എ.ലത്തീഫുമായിരുന്നു ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടവര്‍. നേതൃത്വത്തിന്റെ താല്‍പര്യവും ഇതായിരുന്നു. എന്നാല്‍ കെ എന്‍ എ ഖാദര്‍ എന്ന ജില്ലാ സെക്രട്ടറി അതിയായ മോഹം പ്രകടിപ്പിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി.
സാധരണഗതിയില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ലീഗിന് ഇക്കുറി ദിവസങ്ങളുടെ ചര്‍ച്ചയെന്ന പ്രതിസന്ധിയെ നേരിടേണ്ടിവന്നു. പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കാതിരിക്കാനായി മജീദ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പ്രഖ്യാപിച്ചു.
ലത്തീഫ് ഉറപ്പിച്ച സ്ഥാനാര്‍ഥിത്വം
ഇതോടെ ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ ഏറക്കുറെ തീരുമാനമായി. പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയും കൂടിയായതോടെ കാര്യങ്ങള്‍ അനായാസമാകുമെന്ന വിലയിരുത്തലാണ് എങ്ങും ഉണ്ടായത്.
എന്നാല്‍ പ്രതിഷേധവുമായി ഖാദര്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ലീഗ് നേതൃയോഗത്തില്‍ പോലും പിന്തുണയുണ്ടായിരുന്ന ലത്തീഫിന്റെ സാധ്യതകള്‍ മങ്ങിയത് പെട്ടന്നായിരുന്നു.
സമവായം വന്ന വഴി
നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകാതിരിക്കാനുള്ള സമവായ നീക്കങ്ങളാണ് പിന്നീടുണ്ടായത്. ഒടുവില്‍ ലീഗ് നേതൃത്വവും വിശേഷാ പാണക്കാട് തങ്ങളും കെ എന്‍ എ ഖാദറിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here