റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം; രാജ്യസുരക്ഷയ്ക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഭീഷണിയെന്നും കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ക്ക് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.

രാജ്യസുരക്ഷയ്ക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഭീഷണിയാണെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസം മൂന്നിലേക്ക് മാറ്റി.

റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ തിരിച്ചയക്കുക എന്നത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണന്നും വിഷയത്തില്‍ കോടതി ഇടപെടലിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്.

റോഹിങ്ക്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.ദില്ലി,ഹൈദരാബാദ്,മേവാര്‍,ജമ്മു തുടങ്ങിയ സ്ഥലങ്ങളിലുള്ള റോഹിങ്ക്യകള്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടതായി വിവരമുണ്ട്.

അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കാന്‍ മ്യാന്‍മാറിലും പശ്ചിമബംഗാളിലും ത്രിപുരയിലും പ്രത്യാക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇലക്ഷന്‍ ഐ ഡി കാര്‍ഡ് ,പാന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പതിനഞ്ച് പേജുള്ള സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

ചില റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ യുമായും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായും ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കാനാകില്ലെന്നും കേന്ദ്രം നിലപാടെടുത്തു

.അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം ഹര്‍ജിക്കാരായ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളി.

സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച് കോടതി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.

അഭയാര്‍ത്ഥികളെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സീല്‍ വച്ച കവറില്‍ മൂന്നാം തീയ്യതിക്കകം കോടതിയില്‍ സമര്‍പ്പിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News