രക്തം സ്വീകരിച്ചതിലൂടെ എച്ച് ഐ വി ബാധിച്ച സംഭവം: ആര്‍സിസിക്ക് വീഴ്ചപ്പറ്റിയിട്ടില്ലെന്ന സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തില്‍ ആര്‍ സിസിക്ക് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി.

മാനദണ്ഡങ്ങള്‍ പാലിച്ചും കൃത്യമായ പരിശോധനകള്‍ക്കു ശേഷവുമാണ് ആര്‍ സിസിയില്‍ രക്തം നല്‍കിയതെന്നുമാണ് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും.
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ 9 വയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് ആര്‍ സിസിക്ക് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത്.

ഒരാള്‍ക്ക് രക്തം നല്‍കുന്നതിന് മുന്‍പ് പാലിക്കേണ്ട 5 നിര്‍ദേശങ്ങളുംആര്‍ സിസി പാലിച്ചു. കൃത്യമായ പരിശോധനകളുംആര്‍ സിസി നടത്തിയതായാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്.

പ്രൊജക്ട് ഡയറക്ടര്‍ ഡോ ആര്‍.രമേശിന്റെ നേതൃത്തിലാണ് അന്വേഷണം നടത്തിയത്.
എച്ച് ഐ വി ബാധിതന്‍ തന്റെ വിന്‍ഡോ പിരീഡില്‍ നല്‍കിയ രക്തമാകാം കുട്ടിക്ക് നല്‍കിയതെന്നാണ് നിഗമനം. ഇത്തരത്തില്‍ ഉള്ള സാഹചര്യങ്ങളില്‍ 4 ആഴ്ച മുതല്‍ 6 മാസം വരെ എച്ച് ഐ വിസ്ഥിരീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നാറ്റ് പരിശോധനാ സംവിധാനത്തില്‍ ഇത് രണ്ടാഴ്ച കൊണ്ട് കണ്ടെത്താന്‍ സാധിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാറ്റ് പരിശോധനാ സംവിധാനം ഒരുക്കണമെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

വിശദമായ നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും. അതെസമയം ആര്‍ സിസി നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.

ആര്‍ സിസിയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും രണ്ടു ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News