ഉത്തര കൊറിയന്‍ ആകാശത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക

സോള്‍: അമേരിക്കയ്ക്കും ജപ്പാനുമെതിരേ യുദ്ധ ഭീഷണിമുഴക്കുന്ന ഉത്തര കൊറിയയ്ക്ക് സഖ്യസംഘത്തിന്റെ മറുപടി. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക – ദക്ഷിണ കൊറിയ സംഘം ശക്തിപ്രകടനം നടത്തിയത്.

റഡാറുകളുടെ പരിധിയില്‍പ്പെടാത്ത നാല് എഫ്-35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബി-1ബി ബോംബര്‍ വിമാനങ്ങളുമാണ് കൊറിയയുടെ ആകാശത്ത് കൂടി പറത്തിയത്. ദക്ഷിണ കൊറിയയുടെ എഫ്-15കെ യുദ്ധവിമാനങ്ങളും അഭ്യാസത്തില്‍ പങ്കെടുത്തു.

ദക്ഷിണ കൊറിയ-യുഎസ് സഖ്യകക്ഷികളുടെ സൈനികശേഷിയെക്കുറിച്ച് ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിരുന്നു ശക്തി പ്രകടനം.

അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ ആറാമത്തെ ആണവപരീക്ഷണം നടത്തിയിരുന്നു.

പിന്നീട് സെപ്റ്റംബര്‍ 15ന് ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം കൂടി നടത്തി വെല്ലുവിളിച്ചതോടെയാണ് അമേരിക്ക ഉത്തരകൊറിയന്‍ ആകാശത്ത് സൈനിക അഭ്യാസത്തിന് മുതിര്‍ന്നത്.

ഇതിന് മുമ്പ് ഓഗസ്റ്റ് 31 നും സമാനമായ രീതിയില്‍ അമേരിക്ക ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സഖ്യകക്ഷികള്‍ ഇത്തരം ശക്തി പ്രകടനങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.

പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്.അതേസമയം രാജ്യാന്തര എതിര്‍പ്പുകളും സമ്മര്‍ദങ്ങളും വകവയ്ക്കുന്നില്ലെന്നും ആണവായുധ പദ്ധതി പൂര്‍ത്തിയാക്കുമെന്നുമാണ് കിം ജോങ്ങ് ഉന്‍ വ്യക്തമാക്കിയത്.

യുഎന്‍ ഉപരോധങ്ങള്‍ക്കു മറുപടിയായി, യുഎസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നുമാണ് ഉത്തര കൊറിയയുടെ ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here