വിര്‍ജിന്‍ വാലി; ശരീരത്തിനും മനസ്സിനും ഒരു പോലെ കുളിര്‍മ്മ നല്‍കുന്ന ഒരിടം

ശരീരത്തിനും മനസ്സിനും ഒരു പോലെ കുളിര്‍മ്മ നല്‍കുന്ന ഒരിടം കുരുത്തിച്ചാല്‍(Virgin Valley). 

സൈരന്ധ്രിയുടെ മടിത്തട്ടില്‍ നിന്നും ഉത്ഭവിച്ചു പാത്രക്കടവും സൈലന്റ് വാലിയും കടന്നു പാറക്കെട്ടുകള്‍ക്കിടയിലുടെ കുതിച്ചു പായുന്ന കുന്തിപ്പുഴ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്നും ഏകദേശം 6 km ദൂരം സഞ്ചരിച്ചാല്‍ മൈലാംപാടം എത്തും.

അവിടെ നിന്നും കുരുത്തിച്ചാല്‍ റോഡ് വഴി 2.5 km യാത്ര ചെയ്താല്‍ കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന മലമ്പ്രദേശത്ത് എത്തും. വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് വരെ വാഹനങ്ങള്‍ക്ക് വരാനും പാര്‍ക്ക് ചെയ്യാനും ഉള്ള സൌകര്യങ്ങള്‍ ഇവിടെ ഉണ്ട്.

മഴക്കാലത്ത് മുടിയഴിച്ചാടി രൗദ്രഭാവത്തില്‍ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന കുന്തിപ്പുഴ നയനാനന്ദകരമായ ദ്രിശ്യ വിരുന്നു സമ്മാനിക്കുമെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാറുണ്ട്.

മറ്റു സമയങ്ങളില്‍ സമീപജില്ലകളില്‍ നിന്നു പോലും നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. കുരുത്തിച്ചാലില്‍ നിന്നു കൊണ്ട് നോക്കിയാല്‍ നമുക്ക് പശ്ചിമഘട്ട മലനിരകളുടെയും ദൂരെ നിന്നും പാറക്കെട്ടുകള്‍ക്കിടയിലുടെ നുരച്ചു പതഞ്ഞ് ഒഴുകി വരുന്ന കുന്തിപുഴയുടെയും മനോഹാരിത ആവോളം ആസ്വദിക്കാന്‍ കഴിയും.

വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ പെട്ടിട്ടാവണം പാറക്കെട്ടുകള്‍ എല്ലാം ഉരുണ്ടിരിക്കുന്നത്. ഇവിടത്തെ മറ്റൊരു പ്രത്യേകത വെള്ളത്തിന്റെ കൊടും തണുപ്പാണ്. വെയിലിനു ചൂട് കൂടുന്ന സമയങ്ങളില്‍ എത്ര സമയം വെള്ളത്തില്‍ കിടന്നാലും മതിവരില്ല. അത് തരുന്ന ഉന്മേഷവും ശീതളിമയും ഒരിക്കല്‍ സന്ദര്‍ശിച്ചവരെ വീണ്ടും വീണ്ടും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.

വളരെ സൂക്ഷിച്ചു വേണം വെള്ളത്തില്‍ ഇറങ്ങാന്‍. ഉരുളന്‍ പാറകളില്‍ തെന്നി വീഴാനും കുത്തൊഴുക്കില്‍ പെടാനും ഉള്ള സാധ്യത വളരെ കൂടുതലാണ് മനുഷ്യസ്പര്‍ശനം ഏല്‍ക്കാത്ത ശുദ്ധമായ ജലം നിരവധി ഓഷധസസ്യങ്ങളുടെ കലവറയായ നിശബ്ദ താഴ്വരയിലുടെ ഒഴുകിയെത്തുന്നത് കൊണ്ട് ഔഷധ ഗുണം ഉള്ളതാണെന്നും പഴമക്കാര്‍ പറയുന്നു.

പുഴയുടെ മറുകര വന്യജീവികള്‍ ഉള്‍പ്പെടുന്ന കാടാണ്.

കുരുത്തിച്ചാലില്‍ നിന്നും കാട്ടിലൂടെ കുറെ ദൂരം സഞ്ചരിച്ചാല്‍ പാത്രക്കടവ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്ത് എത്താന്‍ കഴിയും..പക്ഷെ നാട്ടുകാരുടെ സഹായം കൂടാതെ അവിടെ പോകാന്‍ കഴിയില്ല.

സുഹൃത്തുക്കളോടൊപ്പം ഉള്ള പതിവ് സന്ദര്‍ശനം മതിയാക്കി വെള്ളത്തില്‍ നിന്ന് കയറി തല തോര്‍ത്തി തിരിച്ചു നടക്കുമ്പോള്‍ പുറകില്‍ പുതിയ അതിഥികളെയും കാത്തിരിക്കുകയായിരുന്നു വിര്‍ജിന്‍ വാലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News