കുരുത്തക്കേട് ഇല്ലെങ്കില്‍ കുട്ടികളാകുമോ? ചോദിക്കുന്നത് മറ്റാരുമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ

വേദി തിരുവനന്തപുരം എസ് സി ഇ ആര്‍ ടി യിലെ പ്രീസ്‌കൂള്‍ വിദ്യാഭ്യാസവും സംരക്ഷണവും എന്ന ദേശീയ ശില്‍പശാല.
കുട്ടികളെ കുറിച്ച് വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്നത്തെ ലോകത്ത് മാറുന്ന സമൂഹത്തില്‍ അവര്‍ക്ക് ഏത് രീതിയിലെ കരുതലും സംരക്ഷണവും വിദ്യാഭ്യാസവും നല്‍കണമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

3 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് സമൂഹത്തെയും പ്രകൃതിയെയും അറിഞ്ഞു കൊണ്ട് വളരേണ്ട സാഹചര്യമാണ് ഉണ്ടാകേണ്ടത്.

പലപ്പോഴും അവര്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് വളരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. വീട്ടിലുള്ള മുതിര്‍ന്നവരുടെ മനോഭാവവും ഇക്കാര്യത്തില്‍ മാറണം. കുരുത്തക്കേടില്ലാതെ കുട്ടികള്‍ ഒരിടത്ത് അടങ്ങിയിരിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ കുരുത്തക്കേടില്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ കുട്ടികളാകും എന്ന മുഖ്യന്റെ ചോദ്യം വേദിയിലും സദസ്സിലും ചിരിപടര്‍ത്തി.

ഒന്നും അവരെ അടിച്ചേല്‍പ്പിക്കരുത്.പൂവിനെയും ചിത്രശലഭത്തെയും കുട്ടി അറിഞ്ഞ് വേണം വളരാന്‍. അതിന് അവരെ പ്രകൃതിയോട് ചേര്‍ന്ന് വളര്‍ത്തണം. ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ കുട്ടികള്‍ക്കും ഇതെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

അവരെ സ്വതന്ത്രമായി വളരാന്‍ അനുവദിക്കണം, അവരുടെ ഭാവനയ്‌ക്കൊപ്പം വിടണം. 4 ചുമരുകള്‍ക്കുള്ളില്‍ അവരെ അടച്ചിടരുത്. അത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്നത്തെ സ്വകാര്യ പ്രീസ്‌കൂളുകള്‍ വലിയ ചൂഷണമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ മാനദണ്ഡവും പരിശോധനയും ഇവിടങ്ങളില്‍ നടക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ശിശു സംരംക്ഷണ സൗഹൃദ കേന്ദ്ര സ്ഥാപനങ്ങളാക്കി ഇവയെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here