മഞ്ജുവിനും സുഹൃത്ത് ശ്രീകുമാര്‍ മേനോനുമെതിരെ തുറന്നടിച്ച് ദിലീപ്; വിശദാംശങ്ങള്‍ പുറത്ത്; ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; ദിലീപിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി; കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജയിലിലായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്.

മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. മഞ്ജുവിനേയും സുഹൃത്ത് ശ്രീകുമാര്‍ മേനോനെയും പ്രതികൂട്ടില്‍ നിര്‍ത്തുന്ന വാദങ്ങളാണ് ദിലീപിന്റേത്.

ക്രിമിനല്‍ ഗുഢോലോചന

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താരസംഘടന നടത്തിയ പരിപാടിയിലെ മഞ്ജുവിന്റെ വാക്കുകളാണ് ദിലീപ് പിടിവള്ളിയാക്കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ക്രിമിനല്‍ ഗുഢാലോചനയുണ്ടെന്ന് ആദ്യമായി ആരോപിക്കപ്പെട്ടത് ഇവിടെയായിരുന്നു.

കേസില്‍ ഗൂഡാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപണം ഉന്നയിച്ചത് തന്നെ കുടുക്കാനായിരുന്നെന്നാണ് ദിലീപിന്റെ പുതിയ വാദം.

മഞ്ജുവിന് എഡിജിപി സന്ധ്യമായി അടുത്ത ബന്ധമുണ്ടെന്നും ഇതാണ് തന്നെ പ്രതിയാക്കിയതെന്നും താരം ആരോപിക്കുന്നു.

സാക്ഷികളെ സ്വാധീനിച്ചിട്ടില്ല

കേസില്‍ സാക്ഷികളെ സ്വധീനിച്ചിട്ടില്ലെന്നും സ്വാധീനിക്കില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഈ കേസ് മൂലം 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒടിയന്‍ ചിത്രം സംവിധാനം ചെയ്യുന്ന ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. ജയിലില്‍ നിന്ന് ഫോണും കത്തും വന്ന കാര്യം ഏപ്രില്‍ 10 മുതല്‍ 22 വരെയുള്ള തീയതികളില്‍ പലപ്പോഴായി ഡിജിപിയെ അറിയിച്ചിരുന്നു.

പള്‍സര്‍ സുനിക്കെതിരെ കേസുകളുണ്ട്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തില്‍ എടുത്തിരിക്കുന്നതെന്നും ദിലീപിന്റെ ഹര്‍ജിയില്‍ വാദിക്കുന്നു.

എന്തിന് വീണ്ടും കോടതിയില്‍ വന്നു

അതേസമയം ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് 26ാം തിയതിയിലേക്ക് മാറ്റിവെച്ചു. ദിലീപിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കാനും കോടതി മടികാട്ടിയില്ല.

ക‍ഴിഞ്ഞ തവണ ജാമ്യഹര്‍ജി തള്ളികളഞ്ഞതാണെന്ന് കോടതി ചൂണ്ടികാട്ടി. അന്നത്തെ സാഹചര്യത്തില്‍ നിന്ന് മാറ്റമൊന്നുമുണ്ടായിട്ടില്ല. പിന്നെ എന്തിനാണ് വീണ്ടും ജാമ്യ ഹര്‍ജിയുമായി കോടതിയില്‍ വന്നതെന്നും ഹൈക്കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here