സംഘികളുടെ ആക്രമണഭീഷണിയും കള്ള പ്രചരണവും; കേരള എക്സ്പ്രസ് ഓച്ചിറ എപ്പിസോഡ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

കേരളാ എക്സ്പ്രസ് ഓച്ചിറ എപ്പിസോഡ്; സത്യവും മിഥ്യയും

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെത്തുന്ന ആരും അമ്പരക്കും; അവിടെയെത്തുന്ന നൂറുകണക്കിന് നിരാലംബരായ മനുഷ്യരെ കാണുമ്പോള്‍‍. കേരളത്തില്‍ ഇന്ന് ഏറ്റവും അധികം അഗതികളെ ഒരു ക്ഷേത്രത്തിന്‍റെ ചുറ്റുമതിലിനുള്ളില്‍ കാണാമെങ്കില്‍ അതാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം.

പണ്ട് കായംകുള രാജാവിന്‍റെയും വേണാട് രാജാവിന്‍റെയും പടയാളികള്‍ അങ്കം വെട്ടിമരിച്ചതിന്‍റെ കഥകളാണ് ഇവിടെ ഈ പടനിലത്ത് ഉറങ്ങിക്കിടക്കുന്നത്.

എന്നാല്‍ ജീവിതത്തിന്‍റെ പടനിലത്തില്‍ പൊരുതിവീണ് അഗതികളോ അനാഥരോ യാചകരോ രോഗികളോ ആയി എങ്ങോട്ടും പോകാനില്ലാത്ത മനുഷ്യരുടെ താവളമാണ് ഇന്ന് ഈ ക്ഷേത്രം.

രണ്ട് ആല്‍ത്തറകളും ഏതാണ്ട് അമ്പതേക്കറോളം നീണ്ട ഒരു മൈതാനവുമാണ് ക്ഷേത്രം. ക്ഷേത്രത്തിന് മേല്‍ക്കൂരയില്ല. പ്രതിഷ്ഠയില്ല. ഇവിടെയെത്തുന്ന അഗതികളെ പോലെയാണ് ദൈവവും. ദൈവവും മനുഷ്യരുമെല്ലാം ഒരേ അനാഥത്വം അനുഭവിക്കുന്നുവെന്ന് പറയാം.

ജീവിതത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഈ മനുഷ്യരെ ക്ഷേത്രം പണ്ട് തൊട്ടേ പരിപാലിക്കുന്നുണ്ട്. അവര്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്നു. കേരളത്തില്‍ ഇങ്ങനെയൊരു പുണ്യപ്രവര്‍ത്തിയുടെ അപൂര്‍വ്വതയാണ് ഓച്ചിറയെ വേറിട്ട് നിര്‍ത്തുന്നത്.

പാദമുദ്രയിലെ മോഹന്‍ലാല്‍

ഓച്ചിറ മൈതാനത്തെത്തുന്നവരുടെ മനസ്സിലേക്ക് വരുന്ന ഗംഭീരമായ രണ്ട് മോഹന്‍ലാല്‍ കഥാപാത്രങ്ങളുണ്ട്. ആര്‍ സുകുമാരന്‍റെ പാദമുദ്രയിലെ മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും. പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന ഒരു മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുമായി മാതുപ്പണ്ടാരം ഓച്ചിറയിലെത്തുന്നു.

മാതുപ്പണ്ടാരവും മാളാ അരവിന്ദന്‍റെ കുട്ടപ്പനും തമ്മിലുള്ള സംഭാഷണത്തില്‍ ഓച്ചിറയില്‍ അന്നവും ഭക്ഷണവും തേടിയെത്തുന്ന മനുഷ്യരെക്കുറിച്ച് പറയുന്നുണ്ട്. തെണ്ടികളുടെ ദൈവ്വമായാണ് ആ സിനിമ ഓച്ചിറയെ വിശാലമായ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കുന്നത്.

ഓരോ മനുഷ്യരും ഒരോ അര്‍ത്ഥത്തില്‍ തെണ്ടികളാണെന്നും തത്വചിന്താപരമായി ഈ മോഹന്‍ലാല്‍ കഥാപാത്രം പറയുന്നു. ഓച്ചിറയെക്കുറിച്ചുള്ള കേരളാ എക്സ്പ്രസിന്‍റെ കേന്ദ്ര സങ്കല്‍പ്പം അങ്ങനെയാണ് ഉണ്ടായത്. ആ സിനിമയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പരിപാടിയുടെ ആവിഷ്ക്കാരം നിര്‍വ്വഹിച്ചുട്ടുള്ളത്.

ഭൂമിയിലും എവിടെയും ഇടമില്ലാത്ത `തെണ്ടികള്‍’ക്കും ഒരു ദൈവമുണ്ട്. അതാണ് ഓച്ചിറ പരബ്രഹ്മമൂര്‍ത്തി. തെണ്ടികള്‍ എന്നതിന് തേടുന്നവര്‍ എന്നാണ് അര്‍ത്ഥം. അന്നം തേടുന്നവര്‍. അഭയം തേടുന്നവര്‍ എന്നെല്ലാം വിശദീകരിക്കാം.

പരമശിവന്‍ ഭിക്ഷാപാത്രവുമായി തെണ്ടിനടന്ന എത്രയോ പുരാണ കഥകളുണ്ട്. എന്നാല്‍ പരിപാടിയുടെ തലക്കെട്ട് മാത്രം അടര്‍ത്തിയെടുത്ത് ഓച്ചിറയിലെ ദൈവവിശ്വാസികളെയും ക്ഷേത്രത്തെയും അപമാനിച്ചു എന്ന് കൊണ്ടു പിടിച്ച പ്രചരണം നടക്കുകയാണ്.

അവതാരകന് വധഭീഷണി

പരിപാടിയുടെ അവതാരകന് ആക്രമണ ഭീഷണിയും വധ ഭീഷണിയും വരെ വന്നുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചാനലിനെതിരെയും ചാനല്‍ മേധാവികള്‍ക്കെതിരെയും തെറിയഭിഷേകം നടക്കുകയാണ്. അത് ഇപ്പോ‍ഴും തുടരുകയാണ്.
കേരളത്തിന്‍റെ പ്രബുദ്ധ സമൂഹമനസ്സിനും പുരോഗമന ചിന്തയ്ക്കും എതിരെ നടക്കുന്ന ആക്രമണമാണത്. അത്യന്തം ഭീതിദമായൊരു സാംസ്ക്കാരികാന്തരീക്ഷത്തിലേക്കാണ് കേരളം ചുരുങ്ങിപ്പോകുന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണത്.

എന്തായാലും സത്യാവസ്ഥ ജനങ്ങളെ അറിയിക്കാന്‍ ഈ പരിപാടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ബുധനാ‍ഴ്ച്ച രാത്രി 7.30ന് പീപ്പിള്‍ ടിവിയില്‍ കേരളാഎക്സ്പ്രസ് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News