
വിജയ്യുടെ ചിത്രത്തില്‍ നായികയാവാന്‍ പോകുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ജിമിക്കി കമ്മല്‍ യൂട്യൂബ് ഫെയിം ഷെറില്‍.
സംവിധായകന്‍ കെ എസ് രവികുമാറിന്റെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ വന്നതല്ലാതെ സിനിമാ അവസരങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നും ഷെറില്‍ പറഞ്ഞു.
എന്നാല്‍ തന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്തം യൂട്യൂബില്‍ വന്‍ ഹിറ്റായതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ഷെറില്‍വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ പകര്‍ന്നാട്ടം യൂട്യൂബില്‍ കാണാത്തവര്‍ ഇന്ന് വിരളം.
കാക്കനാട് ഇന്ത്യന്‍ സ്റ്റഡീസ് ഓഫ് കൊമേഴ്‌സിലെ അധ്യാപികയായ ഷെറിലും സംഘവും ഓണനാളുകളില്‍ ക്യാമ്പസില്‍ അവതരിപ്പിച്ച ജിമിക്കി കമ്മല്‍ യൂട്യൂബില്‍ കണ്ടവരുടെ എണ്ണം കോടികള്‍ കവിഞ്ഞു.സമൂഹമാധ്യമങ്ങളില്‍ ഹിറ്റായതോടെ ഷെറിലിന് ഫോണ്‍ കോളുകളുടെ പെരുമഴയാണ്.
സംവിധായകന്‍ കെ എസ് രവികുമാറിന്റെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നു വരെ ഫോണ്‍ വിളിയെത്തി.ഇതോടെ വിജയ് യുടെ സിനിമയില്‍ ഷെറില്‍ നായികയാകാന്‍ പോകുന്നു എന്നു വരെയെത്തി പ്രചാരണങ്ങള്‍.
തീര്‍ത്തും തെറ്റായ ഈ പ്രചാരണത്തെക്കുറിച്ച് ഷെറിലിന്റെ പ്രതികരണം ഇങ്ങനെ. ഫോണ്‍ കോള്‍ വന്നത് ഓഫീസിലേയ്ക്കാണ്. ആ ദിവസം താന്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല.
അതേക്കുറിച്ച് തനിയ്ക്ക് കൂടുതല്‍ ഒന്നുമറിയില്ല. സിനിമയില്‍ അഭിനയിക്കുന്നതിനേ കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ല. ടീച്ചിംഗ് പ്രൊഫഷന്‍ തന്നെയാണ് ഇഷ്ടം.
തെന്നിന്ത്യന്‍ താരം ജ്യോതിക ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നൃത്തം അവതരിപ്പിക്കാന്‍ ഷെറിലിനും സംഘത്തിനും ക്ഷണം ലഭിച്ചിട്ടുണ്ട്.
അതേ ദിവസം തന്നെ കൊച്ചിയില്‍ നടക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനും ക്ഷണം കിട്ടിയെങ്കിലും അതില്‍ പങ്കെടുക്കാന്‍ കഴിയാത്ത ദുഖത്തിലാണ് ഷെറില്‍.
വ്യത്യസ്തമായ പ്രോഗ്രാം അവതരിപ്പിക്കണം എന്ന സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 2 മണിക്കൂര്‍ കൊണ്ടാണ് സഹപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും പഠിപ്പിച്ചെടുത്ത് ജിമിക്കി കമ്മല്‍ അവതരിപ്പിച്ചത്.
ഓസ്‌ക്കാര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ അവതാരകന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ഷെറിലും സംഘവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here