
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം അടുത്ത മാസം 7 ന് മുന്‍പ് സമര്‍പ്പിക്കും. ദിലീപിനെ രണ്ടാം പ്രതിയാക്കിയാകും കുറ്റപത്രം സമര്‍പ്പിക്കുക.
ഗൂഢാലോചന, കൂട്ടമാനഭംഗം ഉള്‍പ്പടെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന അന്വേഷിച്ച ശേഷമാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്.നടിയെ പീഡിപ്പിക്കാനും പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും നിര്‍ദ്ദേശം നല്‍കിയത് ദിലീപാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നിലവില്‍ 11 ാം പ്രതി
ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഉള്‍പ്പടെ ഒന്‍പതോളം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാകും കുറ്റപത്രം സമര്‍പ്പിക്കുക.നിലവില്‍ 11 ാം പ്രതിയായ ദിലീപ് അനുബന്ധ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും.
ദിലീപിനെതിരായ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടെ സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം. പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനു വേണ്ടിയായിരിക്കും അന്വേഷണം.
കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.പള്‍സര്‍ സുനി ഉള്‍പ്പടെ 7 പേരെ പ്രതിചേര്‍ത്താണ് അന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നു. തുടരന്വേഷണത്തിലാണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് കണ്ടെത്തിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കി അടുത്ത മാസം 7 നകം കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.ദിലീപടക്കം 13 പേരെ പ്രതി ചേര്‍ത്താണ് അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here